‘ഗൺമാൻമാരുടെ മർദനം: കേസ് അട്ടിമറിക്കാൻ നിർദേശിച്ചത് അജിത് കുമാർ’; എസ്ഐടിക്ക് മുന്നിൽ കരഞ്ഞ് കുറ്റസമ്മതം നടത്തി എസ്ഐമാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’ സംബന്ധിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടത് എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നിർദേശപ്രകാരമാണെന്ന് എസ്ഐടിക്കു മുന്നിൽ കരഞ്ഞു കൊണ്ട് സമ്മതിച്ച് ഗ്രേഡ് എസ്ഐമാർ. എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് പിഴവ് പറ്റിയെന്ന് സമ്മതിച്ചത്. എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യം ഇതു സമ്മതിക്കാതിരുന്ന എസ്ഐമാർ തെളിവുകൾ നിരത്തി ചോദിച്ചപ്പോൾ പിഴവ് ഏറ്റുപറയുകയായിരുന്നു.
പിണറായി വിജയന്റെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആലപ്പുഴയിൽ വച്ചു മർദിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരോട് എഡിജിപിയുടെ ഓഫിസിൽ എത്തണമെന്ന് ആവശ്യപ്പെട്ട് 2024 ഓഗസ്റ്റ് നാലിനാണ് ശ്രീകാന്തും ഗിരീഷും വിളിച്ചത്. ഈ സമയം എഡിജിപി വയനാട്ടിലെ ദുരന്തഭൂമിയിലായിരുന്നു. ഇവിടെനിന്നു ഫോണിലാണ് എഡിജിപി നിർദേശങ്ങൾ നൽകിയിരുന്നത്. ഓഗസ്റ്റ് അഞ്ചിന് ഓഫിസിലെത്തിയ ഉദ്യോഗസ്ഥർക്ക് കോടതിയിൽ കൊടുക്കേണ്ട റിപ്പോർട്ടിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചു കുറിപ്പു നൽകി. എന്നാൽ ഉദ്യോഗസ്ഥർ തിരുത്തു വരുത്തി റിപ്പോർട്ട് കോടതിയിൽ കൊടുത്തില്ല. തുടർന്ന് എഡിജിപിയുടെ നിർദേശപ്രകാരം 13ന് ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചു. തുടർന്ന് ഓഫിസിൽ വച്ചു തന്നെ റിപ്പോർട്ട് തിരുത്തി എഴുതി. 15ന് ഓഫിസിൽ എത്തിയ എഡിജിപി തിരുത്തിയ റിപ്പോർട്ട് പരിശോധിച്ച് അംഗീകരിക്കുകയും ഈ റിപ്പോർട്ട് കോടതിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്നാണ് ഗ്രേഡ് എസ്ഐമാർ മൊഴി നൽകിയിരിക്കുന്നത്.