സ്കോട്ട്ലൻഡിൻ്റെ നെഞ്ചകം തകർത്ത് ബ്രസിൽ നോക്കൗട്ടിലേക്ക്; ഇരട്ട ഗോളുമായി കളം നിറഞ്ഞ് വിനീഷ്യസ്
vini
ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. മയാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളുകളും രണ്ടാം പകുതിയിൽ മാത്യൂസ് കുന്യ നേടിയ ക്ലിനിക്കൽ ഫിനിഷിംഗുമാണ് കാനറികൾക്ക് ആധികാരിക വിജയം സമ്മാനിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമടക്കം 7 പോയിന്റോടെയാണ് സെലസാവോ ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ സ്കോട്ടിഷ് ഡിഫെൻഡർ സ്കോട്ട് മക്കെന്ന വരുത്തിയ വലിയ പിഴവിൽനിന്ന് റയാൻ പന്ത് തട്ടിയെടുത്ത് വിനീഷ്യസിന് നൽകി. ഒട്ടും സമയം കളയാതെ തകർപ്പൻ ഫിനിഷിംഗിലൂടെ വിനീഷ്യസ് ബ്രസീലിനെ മുന്നിലെത്തിച്ചു.
മത്സരത്തിന്റെ 24-ാം മിനിറ്റിൽ വിനീഷ്യസ് രണ്ടാമതും വല കുലുക്കിയെങ്കിലും, ബിൽഡ്-അപ്പിൽ ജാക്ക് ഹെൻഡ്രിക്കെതിരെ താരം ഫൗൾ ചെയ്തതായി വീഡിയോ അസിസ്റ്റന്റ് റഫറി കണ്ടെത്തിയതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രസീൽ ലീഡ് വർദ്ധിപ്പിച്ചു. ബ്രൂണോ ഗ്വിമാരസിന്റെ കൃത്യതയാർന്ന ക്രോസിൽ തലവെച്ച് വിനീഷ്യസ് ടീമിന്റെയും തന്റെയും രണ്ടാം ഗോൾ നേടി. സ്കോട്ട്‌ലൻഡിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ തല്ലിക്കെടുത്തിക്കൊണ്ട് അറുപതാം മിനിറ്റിൽ മാത്യൂസ് കുന്യ ബ്രസീലിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർ താരം നെയ്മർ ജൂനിയർ, എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരെ കോച്ച് കാർലോ ആൻസലോട്ടി കളത്തിലിറക്കിയെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ സ്കോട്ടിഷ് കീപ്പർ അംഗസ് ഗൺ അനുവദിച്ചില്ല. ഈ പരാജയത്തോടെ 3 പോയിന്റ് മാത്രമുള്ള സ്കോട്ട്‌ലൻഡ് ടൂർണമെന്റിൽനിന്ന് പുറത്താകൽ ഭീഷണിയിലാണ്.