‘മെസ്സിയുടെ ഗോൾ അനുവദിച്ചു, വിനീഷ്യസിന്റേത് തള്ളി’; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതിയുമായി ബ്രസീൽ
റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളിലെ റഫറിമാരുടെ വിവാദ തീരുമാനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സി.ബി.എഫ്). ഗ്രൂപ്പ് സിയിൽ സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഗോൾ വാർ (VAR) പരിശോധനയിലൂടെ നിഷേധിച്ചതാണ് ബ്രസീലിനെ ചൊടിപ്പിച്ചത്. സംഭവത്തിൽ മെക്‌സിക്കൻ റഫറി സീസർ റാമോസിനെതിരെ സി.ബി.എഫ് പ്രസിഡന്റ് സമീർ ഡി അറൗജോ സോഡ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് നേരിട്ട് പരാതി നൽകി.
മത്സരത്തിന്റെ 21-ാം മിനിറ്റിലായിരുന്നു വിവാദമായ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിനീഷ്യസ് ജൂനിയർ സ്കോട്ലൻഡ് താരം ജാക്ക് ഹെൻഡ്രിയിൽ നിന്ന് പന്ത് തട്ടിയെടുത്ത് ഗോളാക്കി മാറ്റിയെങ്കിലും, വാർ ഇടപെടലിലൂടെ റഫറി അത് നിഷേധിക്കുകയായിരുന്നു. ഗോളിന് വഴിയൊരുക്കിയ നീക്കത്തിൽ ബ്രസീൽ താരം ഫൗൾ ചെയ്തുവെന്ന് ആരോപിച്ചായിരുന്നു റഫറിയുടെ നടപടി. എന്നാൽ, ഇതൊരു വ്യക്തമായ ഫൗൾ അല്ലെന്നും മൈതാനത്തുണ്ടായിരുന്ന താരങ്ങൾ പോലും അപ്രതീക്ഷിതമായാണ് റഫറിയുടെ തീരുമാനത്തെ നോക്കിക്കണ്ടതെന്നും ബ്രസീലിയൻ ടീം മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
സീസർ റാമോസിനെ ഇനി ബ്രസീലിന്റെ മത്സരങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നാണ് സി.ബി.എഫിന്റെ പ്രധാന ആവശ്യം. 2018 ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ ബ്രസീലിന് അർഹമായ പെനാൽറ്റി നിഷേധിച്ചതും, സ്വിസ് ടീമിന്റെ സമനില ഗോളിന് വഴിയൊരുക്കിയ ഫൗൾ റഫറി ശ്രദ്ധിക്കാതിരുന്നതും ഉൾപ്പെടെയുള്ള മുൻകാല ചരിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബ്രസീലിന്റെ നീക്കം. ഇത്തരം നിലപാടുകളുള്ള റഫറിയെ വീണ്ടും ബ്രസീലിന്റെ മത്സരത്തിന് നിയോഗിച്ചത് തന്നെ തെറ്റാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഓസ്ട്രിയക്കെതിരെ അർജന്റീന താരം ലയണൽ മെസ്സി നേടിയ ഒരു ഗോളിന്റെ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് സിബിഎഫ് ഇത്തവണ ഫിഫയ്ക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്. മെസ്സിയുടെ ഗോളിന് വഴിയൊരുക്കിയ നീക്കത്തിലും സമാനമായ രീതിയിൽ താരങ്ങൾ തമ്മിൽ ഉരസലുകൾ ഉണ്ടായെങ്കിലും റഫറി ഗോൾ അനുവദിച്ചിരുന്നു. എന്നാൽ, തങ്ങളുടെ കാര്യത്തിൽ മാത്രം റഫറിമാർ കടുപ്പമേറിയ ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നുവെന്ന് ബ്രസീലിയൻ അധികൃതർ കുറ്റപ്പെടുത്തുന്നു. ടൂർണമെന്റിലുടനീളം റഫറിയിങ്ങിൽ നിലനിൽക്കുന്ന ഈ അസ്ഥിരതയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് ബ്രസീൽ.