10/06/2026
[fontresizer_tawhidurrahmandear_widget]

പത്രക്കടലാസിൽ ഭക്ഷണപ്പൊതി വാങ്ങാറുണ്ടോ? ഗുരുതര ആരോഗ്യ അപകടങ്ങളെന്ന് മുന്നറിയിപ്പ്; ഉപയോഗം നിർത്താൻ നിർദേശം

 പത്രക്കടലാസിൽ ഭക്ഷണപ്പൊതി വാങ്ങാറുണ്ടോ? ഗുരുതര ആരോഗ്യ അപകടങ്ങളെന്ന് മുന്നറിയിപ്പ്; ഉപയോഗം നിർത്താൻ നിർദേശം

ന്യൂഡൽഹി: ഭക്ഷണസാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനും വിളമ്പുന്നതിനും പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തലാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദേശം നൽകി. ഈ രീതി ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുംബൈയിലെ പ്രമുഖ വടാപാവ് വിൽപ്പനക്കാരൻ പത്രക്കടലാസിൽ ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐ വെസ്റ്റേൺ റീജിയണും ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷനും സംയുക്തമായി എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ കർശന മുന്നറിയിപ്പ്.

പത്രങ്ങളിലെ അച്ചടി മഷിയിൽ ലെഡ് ഉൾപ്പെടെയുള്ള മാരകമായ ഘനലോഹങ്ങളും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ചൂടുള്ളതോ എണ്ണമയമുള്ളതോ ആയ ഭക്ഷണസാധനങ്ങൾ പത്രങ്ങളിൽ പൊതിയുമ്പോൾ ഈ രാസവസ്തുക്കൾ എളുപ്പത്തിൽ ഭക്ഷണത്തിലേക്ക് പടരും. ഇവ തുടർച്ചയായി ശരീരത്തിലെത്തുന്നത് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ, അച്ചടി ഘട്ടത്തിലും വിതരണ സമയത്തും പത്രങ്ങളിൽ പൊടിയും അഴുക്കും രോഗകാരികളായ ബാക്ടീരിയകളും വന്നെത്താൻ സാധ്യതയേറെയാണ്. ഇത് ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു

പ്രധാന നിർദേശങ്ങൾ

  • ഭക്ഷണത്തിന്റെ അധിക എണ്ണ വലിച്ചെടുക്കാനോ പാത്രങ്ങളിൽ ലൈനിങ് ആയി ഉപയോഗിക്കാനോ പത്രങ്ങൾ ഉപയോഗിക്കരുത്.
  • തെരുവ് കച്ചവടക്കാർ, റെസ്റ്റോറന്റുകൾ, ക്ലൗഡ് കിച്ചണുകൾ, കാറ്ററർമാർ, ക്വിക്ക് സർവീസ് റെസ്റ്റോറന്റുകൾ, മൊബൈൽ ഭക്ഷണ വിൽപ്പനക്കാർ എന്നിവർക്ക് ഈ നിർദേശം ബാധകമാണ്.

2018-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ (പാക്കേജിങ്) ചട്ടങ്ങൾ പ്രകാരം ഭക്ഷണം സൂക്ഷിക്കുന്നതിനോ പൊതിയുന്നതിനോ പത്രങ്ങളോ സമാനമായ അച്ചടിച്ച വസ്തുക്കളോ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുള്ളതാണെന്ന് എഫ്എസ്എസ്എഐ ഓർമ്മിപ്പിച്ചു.

ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ അംഗീകൃത ഫുഡ്-ഗ്രേഡ് പാക്കേജിങ് സാമഗ്രികളിലേക്ക് എത്രയും വേഗം മാറണം. പത്രങ്ങളിൽ പായ്ക്ക് ചെയ്തതോ വിളമ്പുന്നതോ ആയ ഭക്ഷണങ്ങൾ വാങ്ങരുതെന്ന് ഉപഭോക്താക്കൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി സംസ്ഥാന അധികാരികളുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ ശക്തമാക്കുമെന്നും റെഗുലേറ്റർ വ്യക്തമാക്കി.

Also read: