19/06/2026
[fontresizer_tawhidurrahmandear_widget]

യുഎസിനും ഇറാനും ഇടയിൽപ്പെട്ട് നെതന്യാഹു; ലബനാനിലെ യുദ്ധം അവസാനിപ്പിക്കാത്തത് ഒക്ടോബറിലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്?

 യുഎസിനും ഇറാനും ഇടയിൽപ്പെട്ട് നെതന്യാഹു; ലബനാനിലെ യുദ്ധം അവസാനിപ്പിക്കാത്തത് ഒക്ടോബറിലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്?

തെൽഅവീവ്: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച അപ്രതീക്ഷിത സമാധാന കരാറിനെത്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര രാഷ്ട്രീയത്തിലും ഒരുപോലെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ലബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഈ കരാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ദക്ഷിണ ലബനനിൽ നിന്നുള്ള സൈനിക പിന്മാറ്റത്തെ ഇസ്രയേൽ ശക്തമായി എതിർക്കുന്നു. എന്നാൽ, ലബനാനിലെ യുദ്ധം അവസാനിപ്പിക്കാത്തത് ഒക്ടോബറിലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്.

വരാനിരിക്കുന്ന ഒക്ടോബറിലെ നിർണായക പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന നെതന്യാഹുവിന്, ഈ വെടിനിർത്തൽ കരാർ അംഗീകരിക്കുന്നത് വലിയൊരു രാഷ്ട്രീയ തിരിച്ചടിയാകും. ഇറാന്റെ ആണവപദ്ധതിയും മിസൈൽ ശേഷിയും തകർക്കുമെന്നും ഹിസ്ബുല്ലയെ പൂർണമായി ഇല്ലാതാക്കുമെന്നും ഇസ്രയേൽ ജനതയ്ക്ക് നൽകിയ വലിയ വാഗ്ദാനങ്ങളൊന്നും തന്നെ പൂർത്തിയാക്കാൻ ഈ മൂന്ന് വർഷത്തെ യുദ്ധം കൊണ്ട് നെതന്യാഹുവിന് സാധിച്ചിട്ടില്ല. മാത്രമല്ല, ഈ കരാർ പ്രകാരം ഇറാൻ ഭരണകൂടവും അവരുടെ മിസൈൽ പദ്ധതിയും അതേപടി നിലനിൽക്കുകയും ചെയ്യും.

ഇസ്രയേലിലെ ഭൂരിഭാഗം ജനങ്ങളും തീവ്രവലതുപക്ഷ സഖ്യകക്ഷികളും ഹിസ്ബുല്ലയ്‌ക്കെതിരെയുള്ള പോരാട്ടം തുടരണമെന്ന കടുത്ത നിലപാടുകാരാണ്. ഈ സാഹചര്യത്തിൽ, യുദ്ധത്തിൽ കാര്യമായ നേട്ടങ്ങളൊന്നും കാണിക്കാനില്ലാതെ ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കരാർ അംഗീകരിച്ച് പിന്മാറിയാൽ അത് വലിയൊരു രാഷ്ട്രീയ പരാജയമായി ചിത്രീകരിക്കപ്പെടുമെന്ന് നെതന്യാഹു ഭയക്കുന്നു. അതുകൊണ്ടുതന്നെ, ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് അമേരിക്കയുടെ കടുത്ത സമ്മർദ്ദമുണ്ടായിട്ടും ലബനാനിലെ യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹു മടിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.

Also read: