ചിരി മാഞ്ഞ് ‘ലാഫിങ് വില്ല’; സലിംകുമാറിൻ്റെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകൾ ഇല്ലാതെ സംസ്കാരം
കൊച്ചി: പ്രിയ നടൻ സലിംകുമാറിൻ്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സലിംകുമാറിൻ്റെ മുൻകാല ആഗ്രഹപ്രകാരം യാതൊരുവിധ മതപരമായ ചടങ്ങുകളും ഇല്ലാതെയായിരുന്നു സംസ്‌കാരം നടന്നത്. അസ്‌ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെയുള്ള മരണാനന്തര ചടങ്ങുകൾ ഒന്നുംതന്നെ ചെയ്യരുതെന്ന് അദ്ദേഹം നേരത്തെ നിർദേശിച്ചിരുന്നു. പ്രിയ നേതാക്കളും ബന്ധുക്കളും ചേർന്ന് കോൺഗ്രസ് പതാക പുതപ്പിച്ച ശേഷമാണ് സലിംകുമാറിന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി തുടങ്ങിയ പ്രമുഖർ സംസ്‌കാര ചടങ്ങുകളിൽ ഉടനീളം പങ്കെടുത്തു.
പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം ഭൗതികശരീരം അദ്ദേഹത്തിന്റെ വസതിയായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചപ്പോഴും പ്രിയ താരത്തെ അവസാനമായി ഒരുനോക്ക് കാണാനായി വൻ ജനപ്രവാഹമാണ് എത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി 10.43ഓടെയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ 9 മണിയോടെ മൃതദേഹം പൊതുദർശനത്തിനായി പറവൂർ ടൗൺഹാളിലെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ട പൊതുദർശനത്തിന് ശേഷമാണ് ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുപോയത്.