‘വാർ സംവിധാനമുള്ളപ്പോൾ ആർക്കാണ് കള്ളക്കളി നടത്താനാവുക? സോഷ്യൽ മീഡിയയിൽ കാര്യങ്ങൾ പെരുപ്പിച്ചു കാണിക്കുന്നു’; അർജന്റീന കോച്ച് സ്‌കലോണി
ന്യൂയോർക്ക്: ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെയും റഫറിമാരുടെയും വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് പരിശീലകൻ ലയണൽ സ്കലോണി. ഞായറാഴ്ച (ജൂലൈ 12) സ്വിറ്റ്സർലൻഡിനെതിരെ നടക്കാനിരിക്കുന്ന നിർണായക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ വീണ്ടും ലോകകപ്പ് കിരീടം നേടുന്നത് കാണാൻ ആഗ്രഹിക്കാത്തവരാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്ന് സ്കലോണി തുറന്നടിച്ചു.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായതുകൊണ്ട് തന്നെ അർജന്റീന ഇത്തവണ തോൽക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധിയാളുകളുണ്ട്. ഇത്തരം നെഗറ്റീവ് പ്രചാരണങ്ങൾ കളിക്കാരുടെ ശ്രദ്ധയിലുമെത്തുന്നുണ്ടെങ്കിലും, അവയെല്ലാം മൈതാനത്ത് ഒരു വലിയ പോരാട്ടവീര്യമായി മാറ്റിയെടുക്കുകയാണ് ടീം ചെയ്യുന്നതെന്നും വിമർശനങ്ങളെ മികച്ച പ്രകടനത്തിനുള്ള ഊർജ്ജമായാണ് കളിക്കാർ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരായ മത്സരത്തിലെ ചില തീരുമാനങ്ങളാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. ഈ മത്സരത്തിൽ ഈജിപ്തിന്റെ ഒരു ഗോൾ വാർ (VAR) പരിശോധനയിലൂടെ റദ്ദാക്കിയതും, അവർക്ക് അനുകൂലമായ പെനാൽറ്റി അപ്പീൽ റഫറി നിരസിച്ചതും വലിയ ചർച്ചയായിരുന്നു. ലയണൽ മെസ്സി ടൂർണമെന്റിൽ തുടരുന്നത് ഫിഫയ്ക്ക് സാമ്പത്തികമായി വലിയ നേട്ടമാണെന്നും അതിനാലാണ് ഇത്തരം സഹായങ്ങൾ ലഭിക്കുന്നതെന്നുമാണ് വിമർശകരുടെ പ്രധാന വാദം. എന്നാൽ ഇതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് സ്കലോണി തള്ളിപ്പറഞ്ഞു. “സോഷ്യൽ മീഡിയയിൽ എല്ലാ കാര്യങ്ങളും പെരുപ്പിച്ചു കാണിക്കുകയാണ്, എന്നാൽ യാതൊരുവിധത്തിലുള്ള പക്ഷപാതവും ഇവിടെ നടക്കുന്നില്ല,”സ്കലോണി കൂട്ടിച്ചേർത്തു. 1986-ൽ അർജന്റീന ലോകകപ്പ് നേടിയപ്പോഴും ആളുകൾ സമാനമായ കാര്യങ്ങൾ പറഞ്ഞിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. ടൂർണമെന്റുകളിൽ എപ്പോഴും കടുത്ത പോരാട്ടം കാഴ്ചവെക്കുന്ന ടീമാണ് അർജന്റീനയെന്നും അതിനാൽ എതിരാളികൾക്ക് ഇത്തരം അസൂയകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാർ സംവിധാനം നിലവിലുള്ള ഈ സാങ്കേതിക യുഗത്തിൽ റഫറിമാർക്ക് ഒരു ടീമിനെ മാത്രം സഹായിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർ ദൃശ്യങ്ങൾക്ക് മറ്റ് വ്യാഖ്യാനങ്ങൾ നൽകാനാകില്ല. ലോകകപ്പിന് മുൻപ് തന്നെ നിയമങ്ങളെക്കുറിച്ച് ഫിഫ കൃത്യമായ ക്ലാസുകൾ നൽകിയിരുന്നെന്നും നിലവിൽ റഫറിമാർ ആ നിയമങ്ങൾ അതേപടി പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സ്കലോണി പറഞ്ഞു.