21/07/2026
[fontresizer_tawhidurrahmandear_widget]

‘ഫേസ്ബുക്കും ഇൻസ്റ്റയും കുട്ടികളെ അടിമകളാക്കുന്നു’; യുഎസിലെ 30ലധികം സംസ്ഥാനങ്ങൾ നൽകിയഹരജികൾ തള്ളണമെന്ന മെറ്റയുടെ ആവശ്യം കോടതി തള്ളി

 ‘ഫേസ്ബുക്കും ഇൻസ്റ്റയും കുട്ടികളെ അടിമകളാക്കുന്നു’; യുഎസിലെ 30ലധികം സംസ്ഥാനങ്ങൾ നൽകിയഹരജികൾ തള്ളണമെന്ന മെറ്റയുടെ ആവശ്യം കോടതി തള്ളി

വാഷിങ്ടൺ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഎസിലെ 30ലധികം സംസ്ഥാനങ്ങൾ നൽകിയ ഹർജികൾ തള്ളണമെന്ന മെറ്റയുടെ ആവശ്യം യുഎസ് കോടതി തള്ളി. കാലിഫോർണിയയിലെ ഓക്‌ലൻഡ് ഡിസ്ട്രിക്റ്റ് ജഡ്ജ് യവോൺ ഗോൺസാലസ് റോജേഴ്‌സ് ആണ് മെറ്റയുടെ വാദങ്ങൾ തള്ളിക്കൊണ്ട് കേസ് വിചാരണയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയത്. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണ് തങ്ങളുടെ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞിട്ടും മെറ്റ അത് ജനങ്ങളിൽ നിന്ന് ബോധപൂർവ്വം മറച്ചുവെച്ചുവെന്നാണ് കാലിഫോർണിയ, ന്യൂയോർക്ക് ഉൾപ്പെടെയുള്ള 30ലധികം സംസ്ഥാനങ്ങൾ സംയുക്തമായി നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും ലൈക്കുകൾ, നോട്ടിഫിക്കേഷനുകൾ, അൽഗോരിതം ഫീഡുകൾ എന്നിവ കുട്ടികളെ ആപ്പുകളിൽ തന്നെ തളച്ചിടാൻ പ്രേരിപ്പിക്കുന്നതാണെന്നും ഇത് ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുന്നുവെന്നും സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഫെഡറൽ നിയമപ്രകാരം സോഷ്യൽ മീഡിയ കമ്പനികൾക്ക് ലഭിക്കുന്ന ചില നിയമ പരിരക്ഷകൾ മുൻനിർത്തി കേസ് ഒഴിവാക്കാനാണ് മെറ്റ ശ്രമിച്ചതെങ്കിലും, ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ലംഘനവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും നൽകിയെന്ന ആരോപണങ്ങളിൽ കമ്പനിക്കെതിരെ വിചാരണ നടത്താമെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് സുരക്ഷിതമാണെന്ന് മെറ്റ പരസ്യമായി അവകാശപ്പെടുമ്പോഴും, ആപ്പുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് കമ്പനിയുടെ ആഭ്യന്തര ഗവേഷണങ്ങളിൽ തന്നെ വ്യക്തമായിരുന്നുവെന്ന് സംസ്ഥാനങ്ങളുടെ അറ്റോർണി ജനറൽമാർ വാദിച്ചു. മെറ്റക്ക് പുറമെ ടിക് ടോക്, യൂട്യൂബ്, സ്‌നാപ്ചാറ്റ് തുടങ്ങിയ മറ്റ് വൻകിട കമ്പനികളും സമാനമായ രീതിയിൽ കുട്ടികളിലെ അഡിക്ഷനുമായി ബന്ധപ്പെട്ട് യുഎസിൽ നൂറുകണക്കിന് വ്യക്തിഗതസ്‌കൂൾ തലത്തിലുള്ള നിയമപോരാട്ടങ്ങൾ നേരിടുന്നുണ്ട്.

കോടതിയുടെ ഈ പുതിയ ഉത്തരവോടെ മെറ്റ വലിയ രീതിയിലുള്ള വിചാരണയും കനത്ത പിഴ ശിക്ഷയും നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. എന്നാൽ കൗമാരക്കാരുടെ സുരക്ഷയ്ക്കായി തങ്ങൾ നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും മാതാപിതാക്കളെ സഹായിക്കാൻ ആവശ്യമായ നിയന്ത്രണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് മെറ്റ ഇപ്പോഴും അവകാശപ്പെടുന്നത്.

Also read: