‘കൊലപാതകം നിയമപരമായിരുന്നെങ്കിൽ അവർ എന്റെ ലിസ്റ്റിലുണ്ടായേനെ’; വ്ലോഗർ ഷെഫീന ബീവിയ്ക്ക് എതിരെ രഞ്ജിനി ഹരിദാസ്
ഷെഫീന ബീവി, രഞ്ജിനി ഹരിദാസ്
കൊച്ചി: നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ച വ്ലോഗർ ഷെഫീന ബീവിക്കെതിരെ അതിശക്തമായ പ്രതികരണവുമായി അവതാരക രഞ്ജിനി ഹരിദാസ്. കൊലപാതകം നിയമപരമായിരുന്നെങ്കിൽ അവർ തന്റെ ലിസ്റ്റിലുണ്ടായേനെ എന്ന് രഞ്ജിനി തുറന്നടിച്ചു. 2026-ൽ എത്തിനിൽക്കുമ്പോഴും ഇരുപതോ മുപ്പതോ വർഷം മുൻപ് താൻ നേരിട്ട അതേ പ്രശ്നങ്ങൾ ഇന്നും ഉണ്ടെന്നും അങ്ങനത്തെ ആളുകൾ ഇന്നുമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനൊപ്പം തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു രഞ്ജിനിയുടെ ഈ പ്രതികരണം.
വളരെ മോശം ഭാഷയിലാണ് ഷഫീന സംസാരിച്ചതെന്നും ഇവർക്കെതിരെ കർശന നടപടി വേണമെന്നും രഞ്ജിനി ഹരിദാസ് ആവശ്യപ്പെട്ടു. “ദയ ചെയ്ത ഫോട്ടോഷൂട്ട് വളരെ സെക്സിയാണ്. മോളേ, എനിക്ക് നിന്നെ അറിയില്ല. പക്ഷെ എനിക്ക് അസൂയ തോന്നുന്നു. ആരാണ് ഈ ഡ്രസ് ഡിസൈൻ ചെയ്തതെന്ന് നോക്കി. ഇന്റർനാഷണൽ ക്വാളിറ്റി വർക്കാണ്. ദയ ഒരു മോഡലിനെ പോലെയുണ്ട്,” രഞ്ജിനി പറഞ്ഞു. ഇന്ന് ഒരുപാട് പേർ സംഭവത്തിൽ പ്രതികരിച്ചെന്നും സമൂഹം മാറിയിട്ടുണ്ടെന്നും പറഞ്ഞ രഞ്ജിനി, ഉണ്ണി വ്ലോഗ്സ് കണ്ടപ്പോഴാണ് തനിക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലായതെന്നും ആ സ്ത്രീക്ക് എന്താണ് വേണ്ടത് ശ്രദ്ധ നേടലാണോ എന്നും ചോദിച്ചു.
“ഷഫീനയുടെ ചെറുപ്പം വളരെ മോശമായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നു. ജീവിതത്തിൽ കുറേ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടോ? നിങ്ങളെ കുറേ പേർ പീഡിപ്പിച്ചിട്ടുണ്ടോ? എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്. നിങ്ങൾക്ക് സഹായമാണ് വേണ്ടത്. ലൈംഗികമായി അധിക്ഷേപിച്ച്, വളരെ മോശമായി ബെല്ലും ബ്രേക്കുമില്ലാതെ സെൽഫ് റെസ്പെക്ട് ഇല്ലാതെയാണ് നിങ്ങൾ സംസാരിക്കുന്നത്. നിങ്ങൾ നിങ്ങളെ വിശകലനം ചെയ്യൂ,” പ്രശസ്തിയാണവർക്ക് വേണ്ടതെന്നും രഞ്ജിനി ഹരിദാസ് തുറന്നടിച്ചു.
വിഷയത്തിൽ രഞ്ജിനിക്കൊപ്പം മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസും ശക്തമായി പ്രതികരിച്ചു. “62 കേസുകൾ ആ സ്ത്രീക്കെതിരെയുണ്ട്. ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാ വ്യക്തികളെയും ബുള്ളി ചെയ്യുന്നു. ഇത് എക്സ്ട്രീം ലെവൽ ആയി. നിങ്ങളൊരു സ്ത്രീയാണെങ്കിൽ മകളുടെ പ്രായമുള്ള പെൺകുട്ടിയെ കുറിച്ച് എങ്ങനെ ഇങ്ങനെ സംസാരിക്കാനാകുന്നു?” ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ജാന്മണി ദാസ് ചോദിച്ചു.