24/07/2026
[fontresizer_tawhidurrahmandear_widget]

പതിനായിരങ്ങൾ ഒഴുകിയെത്തി; ‘ശൈഖുൽ ജാമിഅ’ ആലിക്കുട്ടി മുസ്‍ലിയാര്‍ ഇനി ഓർമ

 പതിനായിരങ്ങൾ ഒഴുകിയെത്തി; ‘ശൈഖുൽ ജാമിഅ’ ആലിക്കുട്ടി മുസ്‍ലിയാര്‍ ഇനി ഓർമ

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും പട്ടിക്കാട് ജാമിഅഃ നൂരിയ്യ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് വിട ചൊല്ലി നാട്. കണ്ണീരും പ്രാർത്ഥനകളും നിറഞ്ഞ അന്തരീക്ഷത്തിൽ, സമസ്തയുടെ അമരക്കാരന് ജനസഹസ്രങ്ങൾ വികാരനിർഭരമായ യാത്രയയപ്പ് നൽകി. അവസാനമായി ഒരുനോക്ക് കാണാനും മയ്യിത്ത് നമസ്‌കാരത്തിൽ പങ്കാളികളാകാനും ആയിരക്കണക്കിന് ആളുകളാണ് മലപ്പുറം തിരൂർക്കാട്ടേക്ക് ഒഴുകിയെത്തിയത്.

ഇന്നലെ വൈകീട്ടോടെ വീട്ടിലെത്തിച്ച ഭൗതികശരീരം കാണാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പണ്ഡിതന്മാരും ജനപ്രതിനിധികളും പൊതുജനങ്ങളുമടക്കം വൻ ജനവലിയാണ് ഒഴുകിയെത്തിയത്. പാണ്ഡിത്യത്താൽ കുനിഞ്ഞ ശിരസ്സും സൗമ്യത ചാലിച്ച പുഞ്ചിരിയുമായി ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ ആ മഹാനുഭാവന് കണ്ണീരോടെയാണ് നാട് വിടചൊല്ലിയത്.

ജനബാഹുല്യം കാരണം ഒന്നിന് പിറകെ ഒന്നായി നിരവധി തവണയാണ് മയ്യിത്ത് നമസ്‌കാരം സംഘടിപ്പിച്ചത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആദ്യ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകി. തുടർന്ന്

സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉൾപ്പെടെയുള്ള പ്രമുഖരും കേന്ദ്ര മുശാവറ അംഗങ്ങളും പണ്ഡിതശ്രേഷ്ഠരും തുടർന്നുള്ള ജനാസ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി. ഓരോ യാസീൻ പാരായണത്തിന് ശേഷവും ജനങ്ങൾ വരിവരിയായി നിന്നു പ്രാർത്ഥിച്ചു. പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. സമസ്തയുടെ സമുന്നത നേതാക്കൾ, വിവിധ പ്രസ്ഥാനങ്ങളുടെ സാരഥികൾ, ശിഷ്യഗണങ്ങൾ തുടങ്ങി അനേകായിരങ്ങളാണ് പ്രിയ ഗുരുനാഥന് യാത്രയയപ്പ് നൽകാൻ എത്തിയത്.

ഇസ്‌ലാമിക വിജ്ഞാന രംഗത്തും സമസ്തയുടെ അമരത്തും പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന ശൈഖുൽ ജാമിഅയുടെ വേർപാട് തീരാനഷ്ടമാണെന്ന് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും അടക്കമുള്ള പ്രമുഖ നേതാക്കൾ അനുസ്മരിച്ചു. തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നത്.

Also read: