20/07/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ ഗാന്ധിയോ നായകനോ അല്ല, ഓരോ പൗരനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം’ -സോനം വാങ്ചുക്

 ‘ഞാൻ ഗാന്ധിയോ നായകനോ അല്ല, ഓരോ പൗരനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം’ -സോനം വാങ്ചുക്

ന്യൂഡൽഹി: ദേശീയതലത്തിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ വിദ്യാഭ്യാസ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടു. തന്നെ ‘ആധുനിക ഗാന്ധി’ എന്നോ ‘നായകൻ’ എന്നോ ആരും വിശേഷിപ്പിക്കരുതെന്നും, ഓരോ പൗരനും സ്വന്തം ജീവിതത്തിലെ ഹീറോയായി മാറി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

തുടർച്ചയായ നിരാഹാരം മൂലം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. സമരം ആരംഭിച്ച് 14 ദിവസത്തിനിടെ അദ്ദേഹത്തിന് 7.5 കിലോയോളം ഭാരം കുറയുകയും രക്തസമ്മർദ്ദം ക്രമാതീതമായി താഴുകയും ചെയ്തു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ രീതിയിൽ ക്ഷീണിതനാണെങ്കിലും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. പരീക്ഷാ തട്ടിപ്പുകൾക്കെതിരെ ‘കോക്രോച്ച് ജനതാ പാർട്ടി’ നടത്തുന്ന സമരത്തിന്റെ ഭാഗമായി ജൂൺ 28-നാണ് വാങ്ചുക് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. സി.ജെ.പി നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭവും മൂന്ന് ആഴ്ച പിന്നിട്ടിട്ടുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് കടുത്ത മാനസികവിഷമത്താൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം ധനസഹായം നൽകുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഇതിനൊപ്പം ലഡാക്കുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളിൽ വേഗത്തിലുള്ള പരിഹാരവും വാങ്ചുക് മുന്നോട്ടുവെക്കുന്നുണ്ട്.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് പ്രതിഷേധക്കാർ പാർലമെന്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കക്ഷിഭേദമന്യേ രാജ്യത്തെ എല്ലാ പൗരന്മാരും ഈ മാർച്ചിൽ അണിനിരക്കണമെന്ന് വാങ്ചുക് അഭ്യർത്ഥിച്ചു. താൻ ഒരു സാധാരണ പൗരൻ മാത്രമാണെന്നും പൗരധർമ്മം നിറവേറ്റാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ അധികൃതർ തടയാൻ ശ്രമിച്ചാൽ അത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: