‘ഇനി സമരം ഇ20 പെട്രോളിനെതിരെ’; സിജെപിയുടെ ഭാവി പരിപാടി വ്യക്തമാക്കി അഭിജീത് ദീപ്കെ
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകള്‍ക്കുമെതിരെ രാജ്യതലസ്ഥാനത്ത് നടത്തിയ സമരത്തിന് പിന്നാലെ ഭാവി പ്രക്ഷോഭ പരിപാടികള്‍ വ്യക്തമാക്കി കോക്രോച്ച് ജന പാര്‍ട്ടി (സിജെപി). കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത ഇന്ധന പദ്ധതി (ഇ20 പെട്രോള്‍), രാജ്യത്തെ തൊഴിലില്ലായ്മ, ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രത്യക്ഷ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന പ്രഷര്‍ ഗ്രൂപ്പായി സിജെപി തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. രാഷ്ട്രീയത്തിലും നീതിന്യായ വ്യവസ്ഥയിലും മാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷനിലുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്കപ്പുറത്തേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ഒരു പൊതുജന പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യക്ക് ആവശ്യമെന്നും സ്വന്തം ജന്മനാടായ മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍ വെച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിതി ദാരുണമാണെന്ന് സിജെപി വക്താവ് സൗരവ് ദാസും പ്രതികരിച്ചു. രാവിലെ ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന ജനങ്ങള്‍ വൈകുന്നേരം മറ്റൊരു പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നത് കാണേണ്ടി വരുന്നു. നിരവധി രാഷ്ട്രീയ പാര്‍ട്ടികളുണ്ടായിട്ടും ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെങ്കില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി കൊണ്ട് കാര്യമില്ലെന്നും, എല്ലാവരെയും ചിന്തിപ്പിക്കാന്‍ കെല്പുള്ള പ്രസ്ഥാനമായി സിജെപിയെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.