‘ഉമ്മിച്ചിയെ നിർബന്ധിച്ചെടുത്ത ഫോട്ടോ; വാപ്പിച്ചി പോയ ശേഷം നടന്നതെല്ലാം നേരത്തെ സ്ക്രിപ്റ്റ് ചെയ്ത പോലെ’: ശ്രദ്ധേയമായി കലാഭവൻ നവാസിന്റെ മക്കളുടെ കുറിപ്പ്
അന്തരിച്ച പ്രിയ നടൻ കലാഭവൻ നവാസിന്റെ വേർപാടിന്റെ വേദനയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കുടുംബത്തിന്റെ അവസ്ഥയും, പിതാവ് നൽകിയ വലിയ വഴികാട്ടലുകളെക്കുറിച്ചും സംസാരിച്ച് മക്കൾ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഉമ്മയും അഭിനേത്രിയുമായ രഹനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മക്കളായ നഹറിൻ, റിദ്വാൻ, റിഹാൻ എന്നിവർ ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഉമ്മച്ചിയെ കാണണം എന്ന് പറഞ്ഞ് നിരവധിയാളുകൾ മെസ്സേജ് അയക്കാറുണ്ടെന്നും, ഒത്തിരി നിർബന്ധിച്ചാണ് ഉമ്മയോടൊപ്പം ഇങ്ങനെയൊരു ഫോട്ടോ എടുത്തതെന്നും മക്കൾ പറയുന്നു. താൻ ഇല്ലാതെയായാൽ എന്തൊക്കെ സംഭവിക്കുമെന്നും, അത്തരം സാഹചര്യങ്ങളിൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും നവാസ് നേരത്തെ തന്നെ കൃത്യമായ ഗൈഡൻസ് നൽകിയിരുന്നുവെന്ന് മക്കൾ വ്യക്തമാക്കുന്നു.
“ഞങ്ങളുടെ ഈ ഭൂമിയിലെ ജീവിതം വാപ്പിച്ചി തന്ന ടാസ്ക് പോലെയാണ് തോന്നുന്നത്. വാപ്പിച്ചി പോയതിനു ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്. ഇതൊക്കെ വാപ്പിച്ചി നേരത്തെ കണ്ടിരുന്നു. ഞങ്ങളുടെ ജീവിതം വാപ്പിച്ചി നേരത്തെ തന്നെ സ്ക്രിപ്റ്റഡ് ആക്കി വച്ചിരുന്നു. അതുകൊണ്ട് ആരുടെയും ഉപദേശം കൊണ്ട് പോലും ഞങ്ങളെ സഹായിക്കേണ്ടിവന്നിട്ടില്ല. ആ ഗൈഡൻസ് ഉള്ളതുകൊണ്ട് വാപ്പിച്ചി എപ്പോഴും കൂടെത്തന്നെയുണ്ട്,” എന്ന് മക്കൾ കുറിപ്പിൽ ഓർത്തെടുക്കുന്നു.
പ്രിയതമന്റെ വേർപാടിൽ ഉലഞ്ഞ ഉമ്മ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്താൻ പ്രാർത്ഥിച്ച ഏവർക്കും കുടുംബം നന്ദി അറിയിച്ചു. ആളുകളുടെ പ്രാർത്ഥന തങ്ങൾക്ക് വലിയ തണലായെന്നും, വാപ്പിച്ചി ഏൽപ്പിച്ചുപോയ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തുതീർക്കാൻ ഉമ്മയെ പടച്ചവൻ സഹായിക്കട്ടെ എന്നും മക്കൾ കൂട്ടിച്ചേർത്തു.
1995-ൽ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ കലാഭവൻ നവാസ്, സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനായും സഹനടനായും തിളങ്ങിയിട്ടുണ്ട്. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയർ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. പ്രശസ്ത നടൻ നിയാസ് ബക്കർ സഹോദരനാണ്.