03/09/2026
[fontresizer_tawhidurrahmandear_widget]

’വിദ്യാർഥികളിൽ നിന്ന് ഈടാക്കിയ ഫീസ് തിരിച്ചു നൽകണം’: ഉത്തരവിട്ട് ഷാർജ ഭരണാധികാരി; ഇടപെടൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കളുടെ പരാതിയിൽ

 ’വിദ്യാർഥികളിൽ നിന്ന് ഈടാക്കിയ ഫീസ് തിരിച്ചു നൽകണം’: ഉത്തരവിട്ട് ഷാർജ ഭരണാധികാരി; ഇടപെടൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കളുടെ പരാതിയിൽ

ഷാർജ: ഷാർജ സുഡാൻ പ്രൈവറ്റ് സ്‌കൂളിലെ വിദ്യാർഥികളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കരുതെന്നും മുൻപ് വാങ്ങിയ തുക മാതാപിതാക്കൾക്ക് പൂർണമായി തിരിച്ചുനൽകണമെന്നും ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിക്കാണ് (എസ്‌പിഇഎ) അദ്ദേഹം ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

ഷാർജ റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി ഡയറക്‌ടർ ജനറൽ മുഹമ്മദ് ഹസൻ ഖലഫ് നയിച്ച ‘ഡയറക്‌ട് ലൈൻ’ പരിപാടിയിലേക്ക് ഒരു സുഡാനി രക്ഷാകർത്താവ് അയച്ച സന്ദേശത്തിന് മറുപടിയായാണ് ഷെയ്ഖ് സുൽത്താൻ ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യമായി പ്രവർത്തിക്കേണ്ട സ്‌കൂളിൽ ഉയർന്ന തുക ഫീസായി ആവശ്യപ്പെട്ടെന്നും പണം അടച്ചില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് അറിയിച്ചെന്നുമായിരുന്നു സന്ദേശം.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഷാർജയിലെ സുഡാനി വംശജരുടെ മക്കൾക്കായാണ് bസ്കൂൾ പൂർണമായും സൗജന്യമായി സ്ഥാപിച്ചതെന്ന് ഷാർജ ഭരണാധികാരി ചൂണ്ടിക്കാട്ടി. ‘നാമമാത്രം’ എന്ന പേരിൽ കുട്ടികളിൽ നിന്ന് ഈടാക്കിയ മുഴുവൻ തുകയും അതോറിറ്റി ഉടൻ തിരികെ നൽകണം. സാമ്പത്തികമായി പ്രയാസപ്പെടുന്ന മാതാപിതാക്കൾക്ക് ചെറിയ തുക പോലും വലിയ ഭാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കൂളിൻ്റെ പ്രവർത്തനം നേരിട്ട് നിരീക്ഷിച്ചുവരികയാണ്. കുട്ടികളെ ഉപദ്രവിക്കുന്ന അധ്യാപകരെ ഉടനടി സർവീസിൽ നിന്ന് നീക്കം ചെയ്യും. മികവ് പുലർത്താത്തവർക്ക് പരിശീലനം നൽകുമെങ്കിലും അതിനുശേഷവും കഴിവ് തെളിയിക്കാൻ സാധിക്കാത്തവരെ ഒഴിവാക്കുമെന്നും ഭരണാധികാരി വ്യക്തമാക്കി.

ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കുന്ന ‘തമൂഹ്’ (ആഗ്രഹം) പദ്ധതിക്കും തുടക്കമായിട്ടുണ്ട്. യുകെയിലെ എക്സിറ്റർ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം നേടാൻ സഹായിക്കുന്ന പോസ്‌റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ കോഴ്സിന്റെ ആദ്യ ബാച്ചിൽ 60 ജീവനക്കാർ പ്രവേശനം നേടി.

പഠനവിഷയത്തിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമൂഹത്തിനും വിജ്ഞാനത്തിനും ഉപകാരപ്പെടുന്ന വിഷയങ്ങളിലായിരിക്കണം ഗവേഷണം നടത്തേണ്ടതെന്നും തുടർപഠനം നടത്തുന്നവരോട് ഷെയ്ഖ് സുൽത്താൻ ഉപദേശിച്ചു. അക്കാദമിക് രംഗത്ത് ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.

കാക്കകളുടെ ബുദ്ധിശക്‌തിയെക്കുറിച്ചും അറേബ്യൻ കാക്കകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ചും മറ്റ് പ്രകൃതി നിരീക്ഷണ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. അൽ മുഖന്ന അൽ കിന്ദി എന്ന കവിയുടെ വരികൾ ഉദ്ധരിച്ച്, വ്യക്തിവൈരാഗ്യങ്ങൾ മറന്ന് ഉദാരമനസ്‌കതയോടെ ജീവിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ഷാർജ ഭരണാധികാരി സംസാരിച്ച് അവസാനിപ്പിച്ചത്.

Also read: