03/08/2026
[fontresizer_tawhidurrahmandear_widget]

‘എനിക്ക് എന്തെങ്കിലും പറ്റിയാലും സാരമില്ലായിരുന്നു; ബെന്നിക്ക് മറുപിറവിയേകി ലൈഫ് ജാക്കറ്റ് ഊരി നൽകിയ രാജേഷ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ നാട്

 ‘എനിക്ക് എന്തെങ്കിലും പറ്റിയാലും സാരമില്ലായിരുന്നു; ബെന്നിക്ക് മറുപിറവിയേകി ലൈഫ് ജാക്കറ്റ് ഊരി നൽകിയ രാജേഷ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ നാട്

ചെറുപുഴ: സ്വന്തം ജീവൻ പണയം വെച്ച് മറ്റൊരാൾക്ക് മറുപിറവി നൽകിയ ധീരതയുടെ പ്രതീകമായി മാറിയിരിക്കുകയാണ് റെപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷ് (36). കനത്ത മഴയിൽ കാര്യങ്കോട് പുഴയ്ക്കും കർണാടക വനത്തിനും ഇടയിലുള്ള മീന്തുള്ളി തുരുത്തിൽ കഴുത്തൊപ്പം വെള്ളത്തിൽ ഒറ്റപ്പെട്ടുപോയ അറുപത്തിയൊന്നുകാരനായ ബെന്നിയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്.

ഉരുൾപൊട്ടലിനെ തുടർന്ന് പെട്ടെന്ന് വെള്ളമുയർന്നതോടെ രക്ഷാപ്രവർത്തനത്തിനെത്തിയ രാജേഷും സുഹൃത്തുക്കളും തെങ്ങിൽ പിടിച്ച് നിൽക്കുകയായിരുന്ന ബെന്നിയുടെ അടുത്തെത്തി. തുടർന്ന് തെല്ലും മടിക്കാതെ രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിക്കുകയായിരുന്നു. കയറിന്റെ സഹായത്തോടെ ബെന്നിയുമായി ഇക്കരയ്ക്ക് എത്താറായ ഘട്ടത്തിൽ, കുത്തനെയുള്ള ഒഴുക്കിലും പാറക്കെട്ടിലും പെട്ട് രാജേഷിന്റെ പിടിവിടുകയായിരുന്നു.

തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ രാജേഷ് അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിലെ അംഗമാണ്. കണ്ണൂരിൽ പരിശീലനത്തിനെത്തിയ ഇദ്ദേഹം മുൻപ് പ്രളയകാലത്തും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. ദേശീയ ത്രോബോൾ താരവും എൻ.സി.സി കേഡറ്റുകളുടെ ട്രക്കിങ് പരിശീലകനുമാണ്.

നല്ല നീന്തൽ വശമുള്ളതും സാഹസികമായ സാഹചര്യങ്ങളെ അതിജീവിച്ച് ശീലമുള്ളതുമായ രാജേഷ് തിരിച്ചുവരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ഒഴുക്കിൽപ്പെട്ട രാജേഷിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. ഭാര്യ ഷാഫിയയും രണ്ട് മക്കളുമടങ്ങുന്നതാണ് രാജേഷിന്റെ കുടുംബം.

Also read: