04/09/2026
[fontresizer_tawhidurrahmandear_widget]

ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ചതിൽ പക; 16കാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികളുടെ ക്രൂരമർദ്ദനം

 ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ചതിൽ പക; 16കാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികളുടെ ക്രൂരമർദ്ദനം

തൊടുപുഴ: സ്ഥാപനത്തിലെ ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ചതിന്റെ പകയിൽ 16 വയസ്സുകാരനായ സഹപാഠിയെ മറ്റു വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് അടിയേറ്റ് തകരാർ സംഭവിച്ചു. തൊടുപുഴയിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

11 വിദ്യാർഥികൾ മൂന്ന് മുറികളിലായി താമസിക്കുന്ന ഹോസ്റ്റലിൽ വച്ചായിരുന്നു മർദ്ദനം. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർഥി വിവരം അധ്യാപകനെ അറിയിച്ചത്. തുടർന്ന്, അധ്യാപകന്റെ നിർദേശപ്രകാരം ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി നൽകുകയും ചെയ്തു.

ദൃശ്യങ്ങൾ സ്ഥാപനത്തിന് കൈമാറിയെങ്കിലും കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറായില്ലെന്ന് പരാതിയുണ്ട്. പകരം, ദൃശ്യങ്ങൾ പകർത്തിയ വിദ്യാർഥിയോട് അത് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.

ഗുരുതരമായി പരുക്കേറ്റ 16കാരൻ നിലവിൽ തീവ്രപരിചരണത്തിലാണ്. സംഭവത്തിൽ സഹപാഠികളിൽ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചു. കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കാൻസർ രോഗിയായ പിതാവുൾപ്പെടുന്ന കുടുംബം മകന്റെ തുടർചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ വലിയ വിഷമത്തിലാണ്.

Also read: