28/04/2026
[fontresizer_tawhidurrahmandear_widget]

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: വഴിത്തിരിവായി നാട്ടുകാരുടെ സംശയം; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത, സജിക്കായി അന്വേഷണം

 നെടുങ്കണ്ടം ഇരട്ടക്കൊലപാതകം:  വഴിത്തിരിവായി നാട്ടുകാരുടെ സംശയം; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത, സജിക്കായി അന്വേഷണം

നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ നിർണായകമായത് നാട്ടുകാരുടെ കൃത്യമായ ഇടപെടലും സംശയവും. ശാരീരികമായി അവശത അനുഭവിച്ചിരുന്നെങ്കിലും മേരിയെ ഇടയ്ക്കിടെ പുറത്തുകാണാറുണ്ടായിരുന്ന നാട്ടുകാർ, കുറച്ചുനാളായി അവരെ കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. മകനായ സജിയോട് മേരിയെക്കുറിച്ച് തിരക്കിയവർക്കെല്ലാം വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ സംശയം ബലപ്പെട്ട നാട്ടുകാർ വിവരം മേരിയുടെ മകൾ സിനിയെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.

പ്രതിയായ സജിയുടെ സമീപകാലത്തെ പെരുമാറ്റവും വലിയ രീതിയിലുള്ള ദുരൂഹതകൾ പടർത്തിയിരുന്നു. കഴിഞ്ഞയാഴ്ച സ്വന്തം വിവാഹം ക്ഷണിക്കാനായി ഇയാൾ പല വീടുകളിലും എത്തി. ആദ്യം ഈ മാസം 23-ന് വിവാഹം നടക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് അത് മുടങ്ങിയെന്നും 30-ലേക്ക് മാറ്റിയെന്നും പറഞ്ഞ് വീണ്ടും ക്ഷണം നടത്തി. സജിയുടെ ഈ അസ്വാഭാവികമായ പെരുമാറ്റവും നാട്ടുകാരുടെ സംശയത്തിന് ആക്കം കൂട്ടി.

ഇരട്ടക്കൊലപാതകം പുറത്തുവന്നതോടെ മേരിയുടെ ഭർത്താവും സുവിശേഷകനുമായിരുന്ന മാത്യുവിനെ 2018 മുതൽ കാണാതായ സംഭവത്തിലും ദുരൂഹതയേറുകയാണ്. സുവിശേഷ പ്രവർത്തനങ്ങൾക്കായി മാത്യു സ്ഥിരമായി യാത്രകൾ ചെയ്തിരുന്നതിനാൽ, അന്ന് കാണാതായപ്പോൾ ആദ്യത്തെ കുറച്ചുദിവസം ആർക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. അദ്ദേഹം മകൻ റെജിയുടെ ഒപ്പമുണ്ടാകുമെന്നാണ് സഹോദരി സിനി അടക്കമുള്ളവർ കരുതിയത്. എന്നാൽ പിതാവ് തന്റെ ഒപ്പമില്ലെന്ന് റെജി വ്യക്തമാക്കിയതോടെയാണ് അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ച് ആശങ്കയുണ്ടായതും തുടർന്ന് റെജി പോലീസിൽ പരാതി നൽകിയതെന്നും മേരിയുടെ മകൾ സിനി പറയുന്നു. മാത്യുവിനെ അന്ന് നെടുങ്കണ്ടത്തുനിന്ന് ബസിൽ കയറി പോകുന്നത് കണ്ടതായി ഒരു ബന്ധുവും മൊഴി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മാത്യുവിന്റെ തിരോധാനവും പോലീസ് ഗൗരവമായി അന്വേഷിക്കുകയാണ്.

അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ജില്ലാ ഡോഗ് സ്ക്വാഡ് വീട്ടിലും പരിസരത്തും വിശദമായ പരിശോധന നടത്തി. വീടിന് 150 മീറ്റർ അകലെയുള്ള കൃഷിയിടത്തിൽനിന്നും സജിയുടെ ബാഗ് കണ്ടെത്താനായിട്ടുണ്ട്. ഈ ബാഗിൽ പഴങ്ങളും വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന പശയും മാത്രമാണ് ഉണ്ടായിരുന്നത്. സജിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Also read: