03/06/2026
[fontresizer_tawhidurrahmandear_widget]

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! ഓട്ടോറിക്ഷ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി

 ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! ഓട്ടോറിക്ഷ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇടുക്കി: സ്വയംതൊഴിൽ പദ്ധതിക്ക് ലോൺ അനുവദിക്കാത്ത ബാങ്കിന്റെ നടപടിയെക്കുറിച്ച് പരാതി പറഞ്ഞ നിർധനയായ വനിതയ്ക്ക് ഓട്ടോറിക്ഷ സമ്മാനിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കി ബൈസൺവാലി മുട്ടുകാട് അമ്പാട്ട് വീട്ടിൽ ഗംഗ ഋഷികേശിനാണ് കേന്ദ്രമന്ത്രിയുടെ സ്നേഹസമ്മാനം ലഭിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം പുലർത്തുന്നത്. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് കടുത്ത ജീവിതശൈലീ രോഗങ്ങൾ പിടിപെട്ടതോടെ കഴിഞ്ഞ 13 വർഷമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇതോടെ കുടുംബത്തിന്റെ മുഴുവൻ ഭാരവും ഗംഗയുടെ തോളിലായി.

സ്വന്തമായി ഒരു വരുമാനമാർഗ്ഗം കണ്ടെത്തി കുടുംബം മുന്നോട്ട് കൊണ്ടുപോകണമെന്ന ആഗ്രഹത്തിലാണ് ഏഴ് വർഷം മുൻപ് ഗംഗ ഒരു ദേശസാൽകൃത ബാങ്കിൽ മുദ്ര ലോണിനായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ അങ്ങനെയൊരു പദ്ധതി നിലവിലില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ ഇവരെ മടക്കുകയായിരുന്നു. പിന്നീട് 2025 സെപ്റ്റംബർ 30-ന് മൂലമറ്റത്ത് നടന്ന ‘കലുങ്ക് സൗഹൃദ സംഗമത്തിൽ’ പങ്കെടുക്കാൻ 130 കിലോമീറ്ററോളം സ്കൂട്ടർ ഓടിച്ചാണ് ഗംഗ എത്തിയത്. അവിടെവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി സംസാരിക്കാൻ ഇവർക്ക് അവസരം ലഭിച്ചു.

ഗംഗയുടെ വീട്ടുവിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രിയോട് തനിക്ക് മുദ്ര ലോൺ നിഷേധിക്കപ്പെട്ട കാര്യം ഇവർ വിവരിച്ചു. ഗംഗയുടെ സങ്കടം കേട്ട സുരേഷ് ഗോപി, ലോൺ കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ടെന്നും താൻ ഒരു ഓട്ടോറിക്ഷ വാങ്ങി നൽകാമെന്നും അവിടെവെച്ച് ഉറപ്പുനൽകുകയായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിയുടെ പി.എ ഗംഗയെ ഫോണിൽ വിളിച്ച് പണം കമ്പനിയിൽ അടച്ചിട്ടുണ്ടെന്നും അടിമാലിയിലെ ഷോറൂമിൽ ചെന്ന് ഓട്ടോറിക്ഷ കൈപ്പറ്റാമെന്നും അറിയിച്ചു. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ കാരുണ്യമായി ഓട്ടോറിക്ഷ ഗംഗയുടെ വീട്ടിലെത്തിയത്. തുടർന്ന് വീഡിയോ കോളിലൂടെ ഗംഗ സുരേഷ് ഗോപിയെ വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം മുതൽ പുതിയ ഓട്ടോയുമായി നിരത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഗംഗ.

Also read: