20/10/2026
[fontresizer_tawhidurrahmandear_widget]

സ്ഥാനാർഥിയാകാൻ കൊലക്കേസ് പ്രതിക്ക് ഇളവ്; ബിജെപി പ്രവർത്തകന്റെ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി

 സ്ഥാനാർഥിയാകാൻ കൊലക്കേസ് പ്രതിക്ക് ഇളവ്; ബിജെപി പ്രവർത്തകന്റെ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി

പ്രയാഗരാജ്: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി, കൊലക്കേസിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ നന്താൽ റായുടെ ശിക്ഷ മരവിപ്പിച്ച് അലഹബാദ് ഹൈക്കോടതി. രാംജന്മഭൂമി പ്രവർത്തകനായിരുന്ന പ്രമോദ് കുമാർ നിഗത്തെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾക്ക്, തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അറിയിച്ചതിനെ തുടർന്ന് കുറ്റക്കാരനെന്ന വിധി മരവിപ്പിക്കുകയും അപ്പീൽ തീർപ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കുകയുമായിരുന്നു.

ജസ്റ്റിസുമാരായ സിദ്ധാർഥ്, വിനയ് കുമാർ ദ്വിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. 2017-ൽ വാരാണസിയിലെ സിഗ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലക്കേസിൽ 2025-ലാണ് സെഷൻസ് കോടതി നന്താൽ റായ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തത്.

സംശയത്തിന്റെയും അനുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് കേസിൽ കുടുക്കിയതെന്നും എഫ്.ഐ.ആറിൽ നന്തലാലിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് ഏകദേശം 17 ദിവസത്തിനുശേഷമാണ് ആരോപണവിധേയമായ പങ്ക് പുറത്തുവന്നതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. തുടർന്ന് അപ്പീലിൽ അന്തിമ വിധി വരുന്നതുവരെ ശിക്ഷയും വിധിയും മരവിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

2023-ലെ അഫ്സൽ അൻസാരി കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് കോടതി ചൂണ്ടിക്കാട്ടി. റായിയുടെ അപ്പീലിൽ അന്തിമവിധി വരുന്നതുവരെയായിരിക്കും ഹൈക്കോടതിയുടെ ഈ ഉത്തരവ് ബാധകമാകുക.

Also read: