‘നാല് വയസ്സുള്ള മകനെ കൊന്നുതിന്നു’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ്
സിഡ്‌നി: നാല് വയസ്സുള്ള മകനെ കൊന്നുതിന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ് പോലീസിൽ കീഴടങ്ങി. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലുള്ള വൈഓങ് എന്ന സ്ഥലത്താണ് ക്രൂരമായ ഈ കൊലപാതകം നടന്നത്. മുപ്പത്തിരണ്ടുകാരിയായ അമ്മ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി താൻ മകനെ കൊലപ്പെടുത്തിയെന്നും, അതിനുശേഷം കുട്ടിയുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചെന്നും പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ബൈറോൺ സ്ട്രീറ്റിലുള്ള ഇവരുടെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കുട്ടിയുടെ കെകളിൽ മാരക പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ക്രൂരമായിട്ടാണ് പ്രതി കുറ്റകൃത്യം നിർവ്വഹിച്ചതെന്നും പോലീസ് ഡിസ്ട്രിക്റ്റ് കമാൻഡർ സൂപ്രണ്ട് ചാഡ് ഗില്ലീസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അമ്മ നരഭോജിയാണോ അല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്ത വന്നിട്ടില്ല. സംഭവസ്ഥലത്തുനിന്ന് പ്രതിയുടെ കാറും മറ്റ് ചില തെളിവുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി കൊറോണറുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തും.
കൊല്ലപ്പെട്ട ആൺകുട്ടിയും അമ്മയും മാത്രമായിരുന്നു ഈ ഫ്‌ളാറ്റിൽ ഒരുമിച്ച് താമസിച്ചിരുന്നതെന്നും പ്രതിയായ സ്ത്രീയെ മുൻപ് പോലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചിരുന്നതായി സൂപ്രണ്ട് ചാഡ് ഗില്ലീസ് സ്ഥിരീകരിച്ചു. തന്റെ മുൻ പങ്കാളിയുമായി ഉണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന് ഈ വർഷം ആദ്യമാണ് ഇവർ ഈ വാടക ഫ്‌ളാറ്റിലേക്ക് മാറിയതെന്ന് സൂചന. അതേസമയം, കുട്ടിയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് മുൻപ് പലതവണ തങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചിരുന്നതായി കമ്മ്യൂണിറ്റീസ് ആൻഡ് ഫാമിലി മന്ത്രി കേ വാഷിംഗ്ടൺ വ്യക്തമാക്കി. ഏകദേശം പതിനെട്ട് മാസം മുൻപാണ് അവസാനമായി ഒരു റിപ്പോർട്ട് ലഭിച്ചത്.
സുരക്ഷാ ഭീഷണിയുണ്ടായിട്ടും കുട്ടിയെ അമ്മയുടെ സംരക്ഷണയിൽ തന്നെ നിലനിർത്തിയത് ശരിയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വകുപ്പ് തലത്തിൽ സമഗ്രമായ സ്വതന്ത്ര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ മയക്കുമരുന്ന് ഉപയോഗവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ഈ അന്വേഷണത്തിന്റെ പരിധിയിൽ വരും. കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. കേസ് സെപ്തംബർ ഒന്നിന് വീണ്ടും കോടതി പരിഗണിക്കും. ഓസ്‌ട്രേലിയൻ നിയമപ്രകാരം ഇത്തരം കേസുകളിൽ ഇരകളുടെ വിവരങ്ങൾ പുറത്തുവിടാൻ പാടില്ലാത്തതിനാൽ കുട്ടിയുടെയോ പ്രതിയായ അമ്മയുടെയോ പേരുവിവരങ്ങൾ അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.