‘സങ്കി മന്ത്രി’യെന്ന് ഉദയനിധി, ‘ബാത്ത്റൂം മന്ത്രി’യെന്ന് ടിവികെ; നിയമസഭയിൽ വാക്പോര്, വിജയിയെ വെല്ലുവിളിച്ച് ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭരണപക്ഷമായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ രൂക്ഷമായ വാക്പോര്. ഇരുവിഭാഗത്തിലെയും പ്രമുഖ നേതാക്കൾ തമ്മിൽ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണങ്ങളുമാണ് സഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
ടിവികെ നേതാവും മന്ത്രിയുമായ സി.ടി.ആർ നിർമൽ കുമാറിനെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ‘സങ്കി മന്ത്രി’ എന്ന് വിളിച്ചതാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി, ഉദയനിധിയുടെ മുൻ അറസ്റ്റ് വിവാദങ്ങൾ പരാമർശിച്ച് നിർമൽ കുമാർ അദ്ദേഹത്തെ ‘ബാത്ത്റൂം മന്ത്രി’ എന്ന് പരിഹസിക്കുകയായിരുന്നു. പരസ്പരമുള്ള അധിക്ഷേപങ്ങളെ തുടർന്ന് സഭയിൽ ഇരുപാർട്ടി അംഗങ്ങളും മുദ്രാവാക്യം വിളിച്ചതോടെ നടപടികൾ തടസ്സപ്പെട്ടു.
മുൻ ഡിഎംകെ സർക്കാരിന്റെ കാലത്തെ റോഡ് നിർമാണ ക്രമക്കേടുകളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്. തങ്ങളുടെ പക്കൽ മുൻ സർക്കാരിന്റെ അഴിമതി ഫയലുകളുണ്ടെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായി, കൈവശമുള്ള അഴിമതി ഫയലുകൾ പുറത്തുവിടാൻ ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. വെറും സിനിമാ പഞ്ച് ഡയലോഗുകൾ പറയാതെ തെളിവുകളുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ നടപടികൾ ലൈവായി സംപ്രേഷണം ചെയ്യാത്തതിനെയും ഉദയനിധി രൂക്ഷമായി വിമർശിച്ചു. സഭയിലെ നടപടികൾ തത്സമയം കാണിക്കുന്നതിന് പകരം തെരഞ്ഞെടുത്ത വീഡിയോ ക്ലിപ്പുകൾ മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സഭ തത്സമയം സംപ്രേഷണം ചെയ്യാൻ സർക്കാർ ഭയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.