ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന പാട്ടിയുടെ പാചകപ്പുര വീണ്ടും സജീവം; ഗ്യാസ് ഏജൻസി 2 സിലിണ്ടറുകൾ എത്തിച്ചു നൽകി; നന്ദി പറഞ്ഞ് ഇഡ്ഡലിപ്പാട്ടി
കോയമ്പത്തൂർ: സിലിണ്ടറുകളുടെ ലഭ്യതക്കുറവിനെത്തുടർന്ന് പ്രതിസന്ധിയിലായ കോയമ്പത്തൂരിലെ പ്രശസ്ത ഇഡ്ഡലിപ്പാട്ടി ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽപന പുനരാരംഭിച്ച് പാചകപ്പുര വീണ്ടും സജീവമാക്കി. രണ്ടുമാസമായി ഗ്യാസ് സിലിണ്ടർ ലഭിക്കാത്തതിനെത്തുടർന്ന് പ്രയാസത്തിലായിരുന്ന തൊണ്ടാമുത്തൂർ വടിവേലം പാളയത്തെ കമലാത്താൾക്ക് (90) ഭാരത് ഗ്യാസ് ഏജൻസി രണ്ട് സിലിണ്ടറുകൾ എത്തിച്ചു നൽകിയതോടെയാണ് വിൽപന വീണ്ടും തുടങ്ങിയത്.
പ്രദേശത്തെ ഭാരത് ഗ്യാസ് ഏജൻസി സൗജന്യമായി നൽകിയിരുന്ന വാണിജ്യ സിലിണ്ടറുകൾ ഉപയോഗിച്ചാണ് പാട്ടി സാധാരണക്കാരുടെ വിശപ്പ് അകറ്റിയിരുന്നത്. ആവശ്യാനുസരണം മാസത്തിൽ മൂന്നു മുതൽ നാലു വരെ സിലിണ്ടറുകൾ നൽകിയിരുന്ന ഏജൻസി, ലഭ്യത കുറഞ്ഞതോടെ എണ്ണം കുറയ്ക്കുകയും രണ്ടുമാസത്തോളമായി വിതരണം വൈകുകയുമായിരുന്നു. തുടർന്ന് തനിക്കുവേണ്ടി ഇടപെടുകയും വീണ്ടും സിലിണ്ടറുകൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്തവർക്ക് കമലാത്താൾ ഇടറിയ വാക്കുകളോടെ നന്ദി അറിയിച്ചു.
ആനന്ദ് മഹീന്ദ്രയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ദേശീയ ശ്രദ്ധ നേടിയ കമലാത്താൾക്ക് മഹീന്ദ്ര ഫൗണ്ടേഷൻ നേരത്തെ സൗജന്യമായി വീട് നിർമിച്ചു നൽകിയിരുന്നു.