സൽമാനെ കാണാൻ തടിച്ചുകൂടിയ ആരാധകന്റെ കാലിലൂടെ അബദ്ധത്തിൽ കാർ കയറി; ഡ്രൈവറെ തല്ലി താരം
മുംബൈ: തന്നെ കാണാൻ റോഡിൽ തടിച്ചുകൂടിയ ആരാധകരിലൊരാളുടെ കാലിലൂടെ കാർ അബദ്ധത്തിൽ കയറിയതിന് ഡ്രൈവറെ ശകാരിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രീയ നേതാവ് ആശിഷ് ഷെലാറുടെ വീട്ടിലെത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. സൽമാൻ എത്തിയ വിവരമറിഞ്ഞ് വൻ തോതിൽ ആരാധകർ റോഡിൽ തടിച്ചുകൂടുകയായിരുന്നു.
ആൾക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് സൽമാന്റെ ഡ്രൈവർ കാർ മുന്നോട്ട് എടുത്തത്. ഇതിനിടയിലാണ് ആരാധകരിലൊരാളുടെ കാലിലേക്ക് കാറിന്റെ ചക്രം കയറിയത്. കാൽ അടിയിൽപ്പെട്ടതോടെ ആരാധകൻ വേദന കൊണ്ട് പുളയുകയായിരുന്നു. ഇത് കണ്ടതോടെ ദേഷ്യം കൊണ്ട് വിറച്ച സൽമാൻ ഡ്രൈവറുടെ കയ്യിൽ അടിക്കുന്നതും വഴക്ക് പറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. കാർ മെല്ലെ നീക്കണമെന്നും എങ്കിൽ മാത്രമേ അടിയിൽപ്പെട്ട കാൽ പുറത്തെടുക്കാൻ സാധിക്കുകയുള്ളൂവെന്നും ഡ്രൈവർക്ക് സൽമാൻ നിർദേശം നൽകുന്നുണ്ടായിരുന്നു.
അതേസമയം, അബദ്ധത്തിൽ സംഭവിച്ച പിഴവിന് ഡ്രൈവറോട് താരം ഇത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്നാണ് ആരാധകരിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഡ്രൈവറെ അടിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും പലരും പ്രതികരിച്ചു. എന്നാൽ വീഡിയോടെ മുഴുരൂപം പുറത്തുവന്നതോടെ സൽമാൻ ചെയ്തത് ശരിയാണെന്നും അദ്ദേഹത്തിന്റെ ആരാധകനായതിൽ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി നിരവധി പോസ്റ്റുകളാണ് എക്സിൽ പങ്കുവെക്കപ്പെടുന്നത്.
അതിനിടെ, ആരാധകന്റെ കാലിലൂടെ കാർ കയറുന്നതിന് തൊട്ടുമുൻപ് സൽമാന് ഹസ്തദാനം നൽകാൻ എത്തിയ ഒരു കുട്ടിയെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിമാറ്റിയതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്. നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലാണ് ആരാധകർ സൽമാന്റെ വാഹനത്തിന് ചുറ്റും തടിച്ചുകൂടിയത്. ഒരുഘട്ടത്തിൽ വാഹനം മുന്നോട്ട് പോകാൻ താരം തന്നെ നേരിട്ട് ആരാധകരോട് വഴി മാറിത്തരാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.