19/10/2026
[fontresizer_tawhidurrahmandear_widget]

‘കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്; അവർക്ക് റീൽ ഇട്ടാൽ മതി; ബിജെപിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്; അതുകൊണ്ട് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം’; രാജീവ് ചന്ദ്രശേഖർ

 ‘കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്; അവർക്ക് റീൽ ഇട്ടാൽ മതി; ബിജെപിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്; അതുകൊണ്ട് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം’; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കോൺഗ്രസിനും ബിജെപിക്കും വ്യത്യസ്തമായ പ്രവർത്തന ശൈലിയാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മാരാർ ഭവനിൽ നടന്ന ബിജെപിയുടെ ‘മിഷൻ 2029’ സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് റീൽ ഇട്ടാൽ മതിയെന്നും അവർക്ക് കൃത്യമായ വോട്ടുബാങ്കുണ്ടെന്നും എന്നാൽ ബിജെപിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പോസ്റ്റിട്ടതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ ഫലം ഉണ്ടാകില്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി വിജയിക്കാത്ത പാർട്ടിയാണെന്ന നരേറ്റീവ് മാറ്റാൻ കഴിഞ്ഞതായി രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. കേരളത്തിലെ പ്രധാനപ്പെട്ട പ്രതിപക്ഷം ബിജെപിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ശക്തമാക്കണം. ചരിത്രത്തെ മാത്രം മുറുകെപ്പിടിച്ച് മുന്നോട്ടുപോകാതെ ഭാവിയെയും വികസിത ഭാരതത്തെയും മുന്നിൽ കണ്ടുള്ള സേവനരാഷ്ട്രീയമാണ് ഓരോ പ്രവർത്തകനും സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2029ലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന നിർണായക ഘട്ടമാണെന്നും എല്ലാ മേഖലകളിലും വിജയം ഉറപ്പാക്കാൻ പ്രവർത്തനം ഇപ്പോൾ തന്നെ ശക്തമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സംസ്ഥാന സർക്കാരിനെതിരെയും രാജീവ് ചന്ദ്രശേഖർ വിമർശനം ഉന്നയിച്ചു. പുതിയ കേരളം എന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയ സർക്കാർ 140 ദിവസങ്ങൾ പിന്നിടുമ്പോൾ പരാജയമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. കറന്റ് കട്ടും വിലക്കയറ്റവും തൊഴിലില്ലായ്‌മയുമാണ് ജനങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി കേരളം പ്രഭാരി ഡോ. എം. നാഗരാജ്, സഹപ്രഭാരി ഡോ. എം. വെങ്കിടേശൻ എന്നിവർക്ക് മാരാർ ഭവനിൽ സ്വീകരണം നൽകി. തുടർന്ന് നടന്ന കോർ കമ്മിറ്റി യോഗത്തിലും ഇരുവരും പങ്കെടുത്തു.

Also read: