19/10/2026
[fontresizer_tawhidurrahmandear_widget]

നാലാം വയസ്സിൽ ക്യാമറയ്ക്ക് മുന്നിലേക്ക് തള്ളിയിടപ്പെട്ടു; ബോളിവുഡിന്റെ ‘ട്രാജഡി ക്വീനായി’ വളർന്നു, ഒടുവിൽ 39-ാം വയസ്സിൽ വിടവാങ്ങിയപ്പോൾ മൃതദേഹം വിട്ടുകിട്ടാൻ പോലും പണമില്ലാതെ കുടുംബം

 നാലാം വയസ്സിൽ ക്യാമറയ്ക്ക് മുന്നിലേക്ക് തള്ളിയിടപ്പെട്ടു; ബോളിവുഡിന്റെ ‘ട്രാജഡി ക്വീനായി’ വളർന്നു, ഒടുവിൽ 39-ാം വയസ്സിൽ വിടവാങ്ങിയപ്പോൾ മൃതദേഹം വിട്ടുകിട്ടാൻ പോലും പണമില്ലാതെ കുടുംബം

മഹ്ജബീൻ ബാനോ എന്ന പേര് ബോളിവുഡിൽ എത്രപേർക്ക് പരിചിതമെന്നു പരിശോധിക്കേണ്ടി വരും. ബോളിവുഡിൽ എന്നുമാത്രമല്ല, ഹിന്ദി സിനിമയുടെ ആരാധകരിൽ പലർക്കും ഈ പേര് പരിചയമുണ്ടാവില്ല. കാരണം അവർ അറിയപ്പെട്ടിരുന്നത് മീന കുമാരി എന്നായിരുന്നു. അക്ഷരങ്ങൾ ചേർത്ത് വാക്കുകളും വാചകങ്ങളും സൃഷ്‌ടിക്കാൻ സ്‌കൂളിൽ പഠിക്കേണ്ട പ്രായത്തിൽ മീന കുമാരി ക്യാമറയ്ക്ക് മുന്നിലെത്തി. പിതാവ് അലി ബക്സ് ഫിലിം സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്യാമറയ്ക്ക് മുന്നിൽ നിർത്തുമ്പോൾ മീനാ കുമാരിക്ക് വയസ്സ് നാല് മാത്രമായിരുന്നു.

മഹ്ജബീൻ ബാദോ എന്ന് യഥാർത്ഥ നാമമുള്ള അവർ 1939-ൽ വിജയ് ഭട്ടിന്റെ ‘ലെതർഫേസ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയം തുടങ്ങിയത്. 25 രൂപയായിരുന്നു ആ ചിത്രത്തിന് ലഭിച്ച പ്രതിഫലം. കുറച്ചു ദിവസത്തെ ജോലിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങാമെന്നും സാധാരണ കുട്ടിക്കാലം ആസ്വദിക്കാമെന്നുമാണ് മീന കരുതിയതെന്ന് ജീവചരിത്രകാരൻ വിനോദ് മേത്ത ഓർത്തെടുത്തു. എന്നാൽ അത് ഒരിക്കലും സംഭവിച്ചില്ല. കുടുംബം അവരുടെ വരുമാനത്തെ പൂർണ്ണമായും ആശ്രയിക്കാൻ തുടങ്ങി. അതോടെ അവർ വൈകാതെ തന്നെ കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ്സായി മാറി.

മീനയുടെ കുട്ടിക്കാലം പൂർണ്ണമായും ജോലിക്ക് വേണ്ടിയാണ് ചെലവഴിച്ചത്. തന്റെ പെൺമക്കൾ ഔപചാരിക വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കുന്നത് പിതാവ് ഇഷ്ടപ്പെട്ടിരുന്നില്ല, പകരം മീനയെയും സഹോദരിമാരെയും ജോലിക്ക് വിട്ടു. ചില സ്വകാര്യ ട്യൂഷനുകൾ ലഭിക്കുകയും വായനയോട് താത്പര്യം വളർത്തുകയും ചെയ്തെങ്കിലും കുടുംബത്തിന് മീനയുടെ വരുമാനം അത്യാവശ്യമായിരുന്നു. പെൺകുട്ടികളുടെ സിനിമാ കരിയറിലൂടെ കൂടുതൽ പണം ലഭിക്കാൻ തുടങ്ങിയതോടെ കുടുംബം ചൗളിൽ നിന്ന് ബാന്ദ്രയിലെ ഒരു വീട്ടിലേക്ക് മാറി.

1952-ൽ പുറത്തിറങ്ങിയ ‘ബൈജു ബാവ്റ’ എന്ന ചിത്രത്തിലൂടെ മീനാ കുമാരിയുടെ കരിയർ പൂർണ്ണമായും മാറി. ഇതിലെ പ്രകടനം അവർക്ക് വലിയ അംഗീകാരവും പുരസ്കാരങ്ങളും നേടിക്കൊടുക്കുകയും ഹിന്ദി സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി അവരെ മാറ്റുകയും ചെയ്തു. തുടർന്ന് പരിണീത, ആസാദ്, ശാരദ, മിസ് മേരി, ദിൽ അപ്നാ ഔർ പ്രീത് പരായ എന്നീ ചിത്രങ്ങൾ പുറത്തുവന്നു. വൈകാരികമായ സങ്കീർണ്ണ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മികവ് അവർക്ക് ബോളിവുഡിന്റെ ‘ട്രാജഡി ക്വീൻ’ എന്ന ശാശ്വതമായ പദവി നൽകി.

1952 ഫെബ്രുവരി 14-ന് മീനാ കുമാരി ചലച്ചിത്ര നിർമ്മാതാവ് കമാൽ അംറോഹിയെ രഹസ്യമായി വിവാഹം കഴിച്ചു. നേരത്തെ വിവാഹിതയായ അംരോ​ഹിക്ക് ആദ്യ ഭാര്യയിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.

വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും പരസ്പരം കൂട്ടിക്കുഴഞ്ഞതോടെ ഇവരുടെ ബന്ധം പിന്നീട് വല്ലാതെ വഷളായി. വർഷങ്ങളോളം നീണ്ട അസ്വാരസ്യങ്ങൾക്കൊടുവിൽ 1964-ൽ ഇരുവരും വേർപിരിഞ്ഞു.

വേർപിരിയലിനെ തുടർന്ന്, മീനയെ നായികയാക്കി അംറോഹി നിർമ്മിക്കാനിരുന്ന അംബീഷ്യസ് പ്രൊജക്ടായ ‘പാക്കീസ’യുടെ ചിത്രീകരണം വർഷങ്ങളോളം തടസ്സപ്പെട്ടു. പിന്നീട് അവർ സിനിമ പൂർത്തിയാക്കാൻ തിരിച്ചെത്തി.

കമാൽ അംറോഹിയുടെ പാക്കീസയ്ക്ക് അസാധാരണമാംവിധം നീണ്ട നിർമ്മാണ ചരിത്രമുണ്ടായിരുന്നു, അത് പൂർത്തിയാക്കാൻ വർഷങ്ങളെടുത്തു. അംറോഹിയുമായുള്ള വേർപിരിയലിനുശേഷം, മോശം ആരോഗ്യസ്ഥിതി ഉണ്ടായിരുന്നിട്ടും 1969-ൽ മീനാ കുമാരി സിനിമയിലേക്ക് തിരിച്ചെത്തി. വേറിട്ടൊരു ജീവിതം സ്വപ്നം കാണുന്ന സാഹിബ്ജാൻ എന്ന വേശ്യയുടെ കഥാപാത്രമാണ് അവർ അവതരിപ്പിച്ചത്. ഈ പ്രകടനം അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി മാറി. 1972 ഫെബ്രുവരി 4-നാണ് പാക്കീസ റിലീസ് ചെയ്തത്, റിലീസ് ചെയ്ത് ആഴ്ചകൾക്കകം അവർ അന്തരിച്ചു.

മീനാ കുമാരി ഒരു നടി മാത്രമല്ലായിരുന്നു. ‘നാസ്’ എന്ന തൂലികാനാമത്തിൽ ഉറുദു കവിതകൾ എഴുതിയ അവർ, ബാലതാരമായിരുന്ന കാലത്ത് പാടുകയും ചെയ്തിരുന്നു. അവസാന കാലത്ത്, അമിതമായ മദ്യപാനം മൂലം അവരുടെ ആരോഗ്യം ക്ഷയിക്കുകയും ലിവർ സിറോസിസ് ബാധിക്കുകയും ചെയ്തു.

ഹിന്ദി സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നിട്ടും, ജീവിതത്തിന്റെ അവസാനത്തിൽ മീനാ കുമാരി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. 1972 മാർച്ച് 31-ന് മീന മരണപ്പെടുമ്പോൾ, സെന്റ് എലിസബത്ത് നഴ്സിംഗ് ഹോമിൽ നിന്ന് മൃതദേഹം വിട്ടുകിട്ടാൻ ആവശ്യമായ 3,500 രൂപ പോലും അവരുടെ കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് ചലച്ചിത്ര നിർമ്മാതാവ് ബിമൽ റോയിയുടെ മകൾ റിങ്കി റോയ് ഭട്ടാചാര്യ 2014-ൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് മീനയുടെ ഡോക്ടർ ഇടപെട്ട് ആ തുക നൽകുകയായിരുന്നുവെന്ന് ഭട്ടാചാര്യ പറഞ്ഞു.

Also read: