19/10/2026
[fontresizer_tawhidurrahmandear_widget]

‘അയാൾ യഥാർഥത്തിൽ ചെകുത്താൻ, ദൈവം പോലും മാപ്പ് കൊടുക്കില്ല’; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത

 ‘അയാൾ യഥാർഥത്തിൽ ചെകുത്താൻ, ദൈവം പോലും മാപ്പ് കൊടുക്കില്ല’; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത

ബോളിവുഡ് നടൻ നാനാ പടേക്കറുടെ അപ്രതീക്ഷിത വേർപാടിന് തൊട്ടുപിന്നാലെ, പരേതനെതിരെ വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പ്രതികരണങ്ങൾ നടത്തിയ നടി തനുശ്രീ ദത്തയ്‌ക്കെതിരെ ചലച്ചിത്ര മേഖലയിലും സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാകുന്നു. നാനാ പടേക്കറുടെ നിര്യാണത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹത്തെ ‘ഈവിൾ ഡെഡ്’ എന്ന് അധിക്ഷേപിക്കുകയും, തന്റെ സ്വകാര്യ പരിപാടികളുടെ പ്രചാരണത്തിന് ഈ മരണം തടസ്സമാകുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തതാണ് വലിയ അമർഷത്തിന് കാരണമായത്.

നാനാ പടേക്കർ അന്തരിച്ച ഒക്ടോബർ 8-ന് ലഖ്‌നൗവിലേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് തനുശ്രീ ദത്ത വിവാദപരമായ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്തുവിട്ടത്. ലഖ്‌നൗവിൽ തനിക്ക് ഏറെ പ്രാധാന്യമുള്ള വലിയൊരു ഔദ്യോഗിക പരിപാടി നിശ്ചയിച്ചിട്ടുണ്ടെന്നും അതിനായി ദിവസം മുഴുവൻ സോഷ്യൽ മീഡിയ ലൈവുകളും പോസ്റ്റുകളും പ്ലാൻ ചെയ്തിരുന്നതാണെന്നും തനുശ്രീ പറഞ്ഞു.

എന്നാൽ, വൈകുന്നേരത്തോടെ മാധ്യമങ്ങളെല്ലാം ഈ ‘ഈവിൾ ഡെഡിനെ’ക്കുറിച്ചുള്ള വാർത്തകൾക്കായി തന്റെ പിന്നാലെ വരുമോ എന്നും, തന്റെ പരിപാടിയേക്കാൾ പ്രാധാന്യം മാധ്യമങ്ങൾ ഇതിന് നൽകി തന്റെ പ്രചാരണം തടസ്സപ്പെടുത്തുമോ എന്നുമാണ് നടി ആശങ്കപ്പെട്ടത്. സംഭവത്തിൽ പിന്നീട് കുടുംബത്തിന് അനുശോചനം അറിയിക്കുന്നു എന്ന് കുറഞ്ഞ വാക്കുകളിൽ ഒതുക്കിയെങ്കിലും, സോഷ്യൽ മീഡിയയിലൂടെ വീണ്ടും തന്റെ നിലപാടിനെ ന്യായീകരിച്ച് നടി രംഗത്തെത്തി. നാനാ പടേക്കറുടെ മരണം ഒരു “അദ്ഭുതം” ആണെന്നും, ഒരാൾ മരിച്ചു എന്ന് കരുതി താൻ അനുഭവിച്ച മാനസിക പ്രയാസങ്ങളും വേട്ടയാടലുകളും ഇല്ലാതാകുന്നില്ലെന്നും അവർ വാദിച്ചു.

“ഈ രാത്രി ലൈവിൽ വരേണ്ട കാര്യമൊന്നും എനിക്കില്ല. പക്ഷേ എനിക്കെതിരെ വരുന്ന നെഗറ്റിവിറ്റി കണ്ട് പറഞ്ഞു പോകുന്നതാണ്. ഈ ലോകത്ത് പലർക്കും പല അനുഭവങ്ങളുണ്ടാകും, എൻ്റേത് എനിക്കേ അറിയൂ. ഞാൻ മിണ്ടിതിരിക്കാൻ പോകുന്നില്ല. ഒരാൾ മരിച്ചു, എന്നു കരുതി അയാൾ ചെയ്‌തതെല്ലാം ഇല്ലാതാകുമോ? ആ ആൾ കാരണം വേദനിച്ചവരുടെ വേദന ഇല്ലാതാകുമോ? ആ ഇരകളുടെ അവസ്ഥയോ?

ചിലർ മാപ്പ് കൊടുക്കാൻ പറയുന്നു. ദൈവം പോലും അയാൾക്ക് മാപ്പ് കൊടുക്കില്ല. ഭഗവാനോട് മാപ്പ് ചോദിച്ചാൽ പോലും അത് സ്വീകരിക്കില്ല. കാരണം അയാൾ കുറ്റം ഏറ്റുപറയില്ല. എത്രപേരുടെ ജീവിതം നശിപ്പിച്ചെന്നു പറയില്ല. മീ ടു നീക്കത്തിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതം നശിച്ചെന്ന് ഇയാൾക്ക് അറിയുമോ? ആ സംഭവത്തിനുശേഷം എൻ്റെ ജീവിതത്തിൽ തകർച്ചകൾ മാത്രമാണുണ്ടായത്.

2024ൽ എന്റെ വണ്ടിയുടെ ബ്രേക്ക് മുറിച്ചു മാറ്റി, ഗുണ്ടകൾ പിന്തുടർന്നു. ഈവിൾ മരിച്ചുവെന്ന് ഞാൻ പറഞ്ഞതു തന്നെയാണ്. മരിച്ചിട്ടും ഇയാൾ എന്നെ ഉപദ്രവിക്കുകയാണ്. നിങ്ങളോടൊന്നും ഇത് വിശദീകരിച്ചു തരേണ്ട കാര്യം എനിക്കില്ല. കുറേ യൂട്യൂബേഴ്‌സും ഓൺലൈൻ മാധ്യമങ്ങളും എന്റെ പ്രതികരണം വച്ച് കണ്ടന്റ്റ് ഉണ്ടാക്കി റീച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.

2018നുശേഷം എൻ്റെ ജീവിതത്തിലെ ഓരോ ദിവസവും ഇയാൾ കാരണം ദുസ്സഹമായി. ഇയാൾ യഥാർഥത്തിൽ ചെകുത്താൻ തന്നെയാണ്. എന്റെ സങ്കടം മാറാൻ കഴിഞ്ഞ ദിവസം ഞാൻ കാളി ക്ഷേത്രത്തിൽപോയി കരഞ്ഞ് പ്രാർഥിച്ചിരുന്നു. ഇപ്പോൾ എൻ്റെ വിഷമം മാറിയിരിക്കുന്നു. അഞ്ച് വർഷം പോരാടി, ഒരാൾ മാത്രമല്ല, പല ആളുകൾ എൻ്റെ പിന്നാലെ ഉണ്ടായിരുന്നു.

‘ഹോൺ ഓക്കെ പ്ലീസ്’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ആ സംഭവം ഉണ്ടാകുന്നത്. അതോടെ മാനസികമായി തകർന്നുപോയി. ആ സമയത്ത് ബോളിവുഡിലെ മുൻനിര നായികയായിരുന്നു ഞാൻ. സിനിമാ സെറ്റിൽ പോകാൻ തന്നെ പേടിയായിരുന്നു. അയാൾ ക്രൂരനായ രാക്ഷസനായിരുന്നു. പൊലീസോ നീതിവ്യവസ്‌ഥയോ എനിക്ക് നീതി തന്നില്ല. കഴിഞ്ഞ അഞ്ച് വർഷം ലഭിക്കാത്ത നീതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

എന്റെ സ്‌ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ പണ്ടേ ആത്മഹത്യ ചെയ്തേനെ.”- തനുശ്രീ പറഞ്ഞു.

തനുശ്രീയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. സംഘടനയുടെ പ്രസിഡന്റ് സുരേഷ് ശ്യാംലാൽ ഗുപ്ത തനുശ്രീയുടെ വാക്കുകൾ അത്യന്തം മനുഷ്യത്വഹീനവും അപലപനീയവുമാണെന്ന് വിശേഷിപ്പിച്ചു.

“ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ പ്രഗത്ഭനായ ഒരു നടൻ്റെ വേർപാടിൽ രാജ്യം മുഴുവൻ ദുഃഖിച്ചിരിക്കുമ്പോൾ, ഇത്രയും നിന്ദ്യമായ പദപ്രയോഗങ്ങൾ നടത്തുന്നത് കേവലം വിലകുറഞ്ഞ പ്രശസ്‌തിക്ക് വേണ്ടിയാണ്. സിനിമാ ചരിത്രത്തിൽ തന്നെ ഒരാളുടെ മരണസമയത്ത് ഇത്തരമൊരു മോശം ഭാഷ ഉപയോഗിച്ച് ആരും സംസാരിച്ചിട്ടില്ല. തനുശ്രീ സ്വന്തം നാവ് നിയന്ത്രിക്കാൻ പഠിക്കണം. ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ പ്രാഥമികമായി കാണിക്കേണ്ട ആദരവും മനുഷ്യത്വവും അവർ മറന്നുപോയി.” എഐസിഡബ്ലിയുഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

2008-ൽ ‘ഹോൺ ഒകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണവേളയിൽ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് 2018-ൽ തനുശ്രീ ദത്ത രംഗത്തെത്തുന്നത്. ഇന്ത്യയിൽ വലിയ രീതിയിലുള്ള ‘മീ ടൂ’ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു ഇത്. എന്നാൽ തന്റെ ഭാഗത്തുനിന്നും അനാവശ്യമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി നാനാ പടേക്കർ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തുടർന്ന് മുംബൈ പോലീസ് നടത്തിയ ദീർഘമായ അന്വേഷണത്തിനൊടുവിൽ, തനുശ്രീ ഉന്നയിച്ച ആരോപണങ്ങൾക്ക് തക്കതായ തെളിവുകൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് 2019-ൽ നാനാ പടേക്കറിന് പോലീസ് ക്ലീൻ ചിറ്റ് നൽകുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

പോലീസ് അന്വേഷണം പൂർത്തിയാക്കി അവസാനിപ്പിച്ച ഒരു വിഷയത്തിന്റെ പേരിൽ, ഒരാൾ മരണപ്പെട്ട നിമിഷത്തിൽ തന്നെ ഇത്തരം വിദ്വേഷ പ്രചാരണം നടത്തുന്നത് തികഞ്ഞ അധഃപതനമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. താൻ പങ്കെടുത്ത പരിപാടിക്ക് ലഭിക്കേണ്ട വാർത്താപ്രാധാന്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും പരേതനായ വ്യക്തിയെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത തനുശ്രീയുടെ നിലപാട് തികച്ചും സ്വാർത്ഥവും അനാദരവ് നിറഞ്ഞതുമാണെന്ന് ചൂണ്ടിക്കാട്ടി സിനിമാ രംഗത്തുനിന്നുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

Also read: