സന്ദീപ് വാര്യർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
മലപ്പുറം: സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മലപ്പുറം കോഴിച്ചെനയിലെ ദേശീയപാത 66-ൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. കാറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് വാഹനം അപകടത്തിൽപ്പെട്ടത്. സന്ദീപ് വാര്യരുടെ കാറിന് തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ചെയ്തു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടത്തിന് പിന്നാലെ താനും കൂടെയുള്ളവരും പൂർണ സുരക്ഷിതരാണെന്ന് വ്യക്തമാക്കിക്കൊണ്ട് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. തങ്ങൾക്കോ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കോ യാതൊരുവിധ പരിക്കുകളുമില്ലെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ തങ്ങളുടെ വാഹനത്തിന് പിന്നിലായി കൂട്ടിയിടിച്ച മറ്റ് രണ്ട് കാറുകളിലുണ്ടായിരുന്ന കുടുംബങ്ങളും പരിക്കേൽക്കാതെ സുരക്ഷിതരായി രക്ഷപ്പെട്ടത് വലിയ ആശ്വാസമാണെന്നും അദ്ദേഹം കുറിച്ചു.
അപകടവിവരമറിഞ്ഞ് രാവിലെ മുതൽ നിരവധി പേരാണ് ഫോൺ വഴിയും അല്ലാതെയും വിവരങ്ങൾ അന്വേഷിക്കുന്നത്. എല്ലാവരുടെയും കോളുകൾക്ക് മറുപടി നൽകാൻ സാധിച്ചിട്ടില്ലെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവരങ്ങൾ അന്വേഷിക്കുകയും സ്നേഹവും പ്രാർത്ഥനകളും അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.