‘മുസ്ലിംകളുമായി എന്തിനാണ് ശത്രുത? മുമ്പ് അവർ നിങ്ങൾക്ക് വോട്ട് ചെയ്തിരുന്നില്ലേ?’; ബ്രാഹ്മണ സമുദായത്തോട് പ്രശാന്ത് കിഷോർ
ദർഭംഗ: ബ്രാഹ്മണ സമുദായം മുസ്ലിംകളുമായി എന്തിനാണ് ശത്രുത പുലർത്തുന്നതെന്നും, മുൻകാലങ്ങളിൽ അവർ നിങ്ങൾക്ക് വോട്ട് ചെയ്തിരുന്നില്ലേയെന്നും ചോദിച്ച് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. ബിഹാറിലെ ദർഭംഗ ജില്ലയിലുള്ള മഹിനാം ഗ്രാമത്തിൽ നടന്ന ബ്രാഹ്മണ സമുദായത്തിന്റെ ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധങ്ങൾക്കും വിദ്വേഷത്തിനും പകരം അറിവ്, വിദ്യാഭ്യാസം, പുസ്തകം എന്നിവയിലായിരുന്നു മുൻകാലങ്ങളിൽ ബ്രാഹ്മണ സമുദായത്തിന്റെ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.
“നിങ്ങളുടെ കരുത്ത് അറിവിലും പുസ്തകങ്ങളിലും വിദ്യാഭ്യാസത്തിലുമാണ്, അല്ലാതെ ആയുധങ്ങളിലോ വിദ്വേഷത്തിലോ അല്ല. മുസ്ലിംകളെ അധിക്ഷേപിക്കുന്നത് ബ്രാഹ്മണ സമുദായത്തിന്റെ പുരോഗതിക്ക് സഹായിക്കില്ല.”അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുകയും, സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കിയതിന് ശേഷം വിശക്കുന്നവരെ സഹായിക്കുകയും ചെയ്തവരായിരുന്നു മുൻകാലങ്ങളിൽ ഈ സമുദായത്തിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ മുസ്ലിംകളോടുള്ള ശത്രുതയുടെ അടിസ്ഥാനമെന്താണെന്ന് പ്രശാന്ത് കിഷോർ ചോദിച്ചു. അത് ഭൂമിയുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ സംവരണവുമായി ബന്ധപ്പെട്ടതോ അല്ല. മുസ്ലിംകൾ മുൻപ് തെരഞ്ഞെടുപ്പുകളിൽ ബ്രാഹ്മണ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തിരുന്നവരാണ്. എന്നാൽ ബ്രാഹ്മണ സമുദായത്തിലെ ഒരു വിഭാഗം ബി.ജെ.പിയുമായി അടുക്കുകയും, മുസ്ലിംകളോട് ശത്രുത പ്രകടിപ്പിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് അവർ അകന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ മുസ്ലിംകളെ അധിക്ഷേപിക്കുന്നവരെയും അദ്ദേഹം വിമർശിച്ചു. ഇത്തരം പെരുമാറ്റങ്ങൾ കൊണ്ട് ബ്രാഹ്മണ സമുദായത്തിന് എന്ത് പുരോഗതിയാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിഹാറിൽ സഖ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ജാതി അടിസ്ഥാനമാക്കിയുള്ള പ്രശാന്ത് കിഷോറിന്റെ ഈ പ്രസംഗം ചർച്ചയാകുന്നത്. അദ്ദേഹത്തിന്റെ നിലപാടുകളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.