ബിരിയാണിയിലും നികുതിക്കൊള്ള: റസ്റ്ററന്റുകൾ മുക്കിയത് 70,000 കോടി; എഐ ഉപയോഗിച്ചു പിടിച്ച് ഇൻകം ടാക്‌സ് വകുപ്പ്
ഹൈദരാബാദ്: റെസ്റ്ററന്റുകളുടെ വൻ നികുതിക്കൊള്ള എഐ കണ്ടെത്തി. അത്യാധുനിക നിർമിതബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് രാജ്യത്തെ റെസ്റ്ററന്റ് മേഖലയിൽ നടന്ന 70,000 കോടി രൂപയുടെ തിരിമറി വെളിച്ചത്തായത്. ഇന്ത്യയിലെമ്പാടുമുള്ള 1.77 ലക്ഷം റെസ്റ്ററന്റുകൾ സംഘടിതമായി നടത്തിയ ഈ വെട്ടിപ്പ് 2019-20 സാമ്പത്തിക വർഷം മുതലാണ് ആരംഭിച്ചത്.
ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും പ്രമുഖ ബിരിയാണി ശൃംഖലകളിൽ നടത്തിയ പരിശോധനയാണ് വൻ തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഉപഭോക്താക്കളിൽ നിന്ന് യുപിഐ, കാർഡ്, പണം എന്നിവ വഴി സ്വീകരിക്കുന്ന തുക ബില്ലിങ് സോഫ്റ്റ്‌വെയറിൽ ആദ്യം കൃത്യമായി രേഖപ്പെടുത്തും. എന്നാൽ, ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപായി സോഫ്റ്റ്‌വെയറിൽ നിന്ന് നിശ്ചിത ബില്ലുകൾ ബോധപൂർവം ഡിലീറ്റ് ചെയ്യുകയാണ് രീതി. ഓരോ 100 രൂപയുടെ വരുമാനത്തിലും ശരാശരി 27 രൂപ ഇത്തരത്തിൽ മായ്ച്ചു കളഞ്ഞതായി കണ്ടെത്തി.
തട്ടിപ്പ് കണ്ടെത്താനായി 1.15 ലക്ഷം ഉപയോക്താക്കളുടെ 60 ടിബി വരുന്ന ഭീമമായ ഡേറ്റയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. 2.43 ലക്ഷം കോടി രൂപയുടെ ബില്ലുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി.
പ്രധാന കണ്ടെത്തലുകൾ
- മൊത്തം തട്ടിപ്പ്: 70,000 കോടി രൂപയുടെ വരുമാനം മറച്ചുവെച്ചു.
- ബില്ലുകൾ ഡിലീറ്റ് ചെയ്തത്: ഈ ഇനത്തിൽ മാത്രം 13,317 കോടിയുടെ വെട്ടിപ്പ് നടന്നു.
- പ്രധാന സംസ്ഥാനങ്ങൾ: കർണാടക (2,000 കോടി), തെലങ്കാന (1,500 കോടി), തമിഴ്‌നാട് (1,200 കോടി) എന്നിവയാണ് വെട്ടിപ്പിൽ മുന്നിൽ. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലും വലിയ തോതിൽ ക്രമക്കേട് നടന്നു.
തട്ടിപ്പ് രീതി
ജീവനക്കാർ പണം തട്ടാതിരിക്കാൻ കൃത്യമായ ബില്ലിങ് സോഫ്റ്റ്‌വെയർ റെസ്റ്ററന്റുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ജിഎസ്ടി, ആദായ നികുതി എന്നിവ കുറയ്ക്കുന്നതിനായി സോഫ്റ്റ്‌വെയറിലെ എഡിറ്റിങ് സൗകര്യം ദുരുപയോഗം ചെയ്തു. ചിലയിടങ്ങളിൽ മുപ്പത് ദിവസത്തെ കണക്കുകൾ വരെ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. വരുമാനം കുറച്ചു കാട്ടി നികുതി വെട്ടിക്കുന്നതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ ആകെ റെസ്റ്ററന്റുകളുടെ 10 ശതമാനത്തോളം തട്ടിപ്പിൽ പങ്കാളികളാണെന്നാണ് കണക്ക്. 70,000 കോടിയുടെ വരുമാനം മറച്ചുവെച്ചതിന് പിഴയും പലിശയും ഉൾപ്പെടെ റെസ്റ്ററന്റ് ഉടമകൾ അടയ്‌ക്കേണ്ടി വരുന്ന തുക എത്രയാണെന്ന് വകുപ്പ് കണക്കാക്കി വരികയാണ്.