മദ്യനയക്കേസിൽ കുറ്റവിമുക്തൻ; കോടതിയിൽ പൊട്ടിക്കരഞ്ഞ് കെജ്‌രിവാൾ, സിസോദിയ അടക്കം 23 പ്രതികളെയും വെറുതെ വിട്ടു
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയുമടക്കം 23 പ്രതികളെയും കോടതി വെറുതെ വിട്ടു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ കോടതിയിൽ വെച്ച് അരവിന്ദ് കെജ്‌രിവാൾ വികാരാധീനനായി പൊട്ടിക്കരഞ്ഞു. അരികിലുണ്ടായിരുന്ന മനീഷ് സിസോദിയ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു.
തനിക്കെതിരായ നടപടി കേന്ദ്രസർക്കാരിന്റെ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. ആം ആദ്മി പാർട്ടിയെ തകർക്കാൻ അഞ്ച് മുതിർന്ന നേതാക്കളെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടിവി ചാനലുകൾ വഴി തന്നെ അഴിമതിക്കാരനായി ചിത്രീകരിച്ച് വേട്ടയാടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിബിഐ സമർപ്പിച്ച തെളിവുകൾ വെറും അനുമാനങ്ങൾ മാത്രമാണെന്നും പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തിലെ വിടവുകൾ നികത്താൻ പ്രതികളെ മാപ്പുസാക്ഷികളാക്കുന്ന ഏജൻസിയുടെ രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പ്രേരിതമായ കുറ്റാരോപണങ്ങൾ തള്ളിക്കൊണ്ടുള്ള കോടതി വിധി ആം ആദ്മി പാർട്ടിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.