സ്വർണവിലയിൽ കുതിപ്പ്; ഇന്ന് മാത്രം കൂടിയത് 5,240 രൂപ, പവൻ വില ഒന്നര ലക്ഷത്തിലേക്ക്?
കൊച്ചി: മധ്യേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധനവ്. ഇന്ന് മാത്രം പവന് 5,240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,720 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഗ്രാമിന് 15,465 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ട് ശതമാനത്തോളം കുതിച്ചുയർന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഇറാൻ-യുഎസ് സംഘർഷം ശക്തമാകുന്നതും ആഗോള സാമ്പത്തിക അനിശ്ചിതത്വവുമാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 5,278 ഡോളർ കടന്നതോടെ വരും മാസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് സൂചന. പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെ.പി. മോർഗന്റെ പ്രവചനപ്രകാരം ഈ വർഷം സ്വർണം ഔൺസിന് 6,300 ഡോളർ വരെ എത്തിയേക്കാം. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻ വില ഒന്നര ലക്ഷം രൂപ കടക്കാനുള്ള സാധ്യതയുണ്ട്.
സ്വർണത്തോടൊപ്പം വെള്ളി വിലയിലും വൻ വർധനവുണ്ടായി. ഗ്രാമിന് 10 രൂപ വർധിച്ച് 295 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. നിലവിലെ വിലയും പണിക്കൂലിയും നികുതിയും കണക്കാക്കിയാൽ, കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 1.37 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണം അപ്രാപ്യമായ വിലയിലേക്ക് നീങ്ങുകയാണ്.