‘വോട്ടർ പട്ടികയിൽനിന്ന് പേരില്ലാത്തവർ നുഴഞ്ഞുകയറ്റക്കാർ; അവരെ മുഴുവൻ നാടുകടത്തും’, ‘ഒരൊറ്റ ഹിന്ദു അഭയാർത്ഥിക്കും പൗരത്വം നഷ്ടപ്പെടില്ല’- അമിത്ഷാ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഥുരാപൂരിൽ ബിജെപിയുടെ ‘പരിവർത്തൻ യാത്ര’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ബംഗാൾ ‘നുഴഞ്ഞുകയറ്റക്കാരുടെ സ്വർഗ്ഗമായി’ മാറിയെന്നും അതിർത്തി സംസ്ഥാനത്തിന്റെ സുരക്ഷയിൽ മുഖ്യമന്ത്രി മമത ബാനർജി വിട്ടുവീഴ്ച ചെയ്തതായും അദ്ദേഹം ആരോപിച്ചു.
പുതുക്കിയ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഷായുടെ പ്രഖ്യാപനം. നിലവിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ബിജെപി പൂർണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നാൽ ഓരോ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ പോലൊരു അതിർത്തി സംസ്ഥാനത്തിന് സുരക്ഷ നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പീഡനം അനുഭവിക്കുന്ന ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം ഉറപ്പാക്കുമെന്നും സിഎഎയെ മമത എതിർത്തില്ലായിരുന്നുവെങ്കിൽ ഇവർക്ക് ഇതിനകം പൗരത്വം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണത്തിലെത്തിയാൽ നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും ഷാ സംസാരിച്ചു. സർക്കാർ രൂപീകരിച്ച് 45 ദിവസത്തിനുള്ളിൽ സംസ്ഥാന ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നും ഡിസംബർ 26ഓടെ എല്ലാ സർക്കാർ ഒഴിവുകളും നികത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷത്തെ പ്രായപരിധി ഇളവ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. മമത ബാനർജി സ്വന്തം അനന്തരവൻ അഭിഷേക് ബാനർജിയെ മുഖ്യമന്ത്രിയാക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മുർഷിദാബാദിൽ ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളി നിർമ്മിക്കാൻ സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, അമിത് ഷായുടെ പ്രസ്താവനകൾ രാഷ്ട്രീയ നിരാശയിൽ നിന്നുള്ളതാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. മമത ബാനർജി വീണ്ടും അധികാരത്തിലെത്തുമെന്നും ജ്യോതി ബസുവിന്റെ റെക്കോർഡ് മറികടക്കുമെന്നും ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു.