‘വിജയിയുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കണം’; വിവാഹമോചന കേസിനിടെ കോടതിയെ സമീപിച്ച് സംഗീത
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനും ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിനും തയ്യാറെടുക്കുന്ന തമിഴ് നടൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത കോടതിയെ സമീപിച്ചു. വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെ, ചെന്നൈ നീലങ്കരൈയിലെ ഇസിആർ റോഡിലുള്ള വിവാഹ വീട്ടിൽ താമസിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗീത ചെങ്കൽപ്പട്ട് ജില്ലാ കോടതിയിൽ ഇടക്കാല അപേക്ഷ സമർപ്പിച്ചത്.
1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധാന ഹരജിക്കൊപ്പമാണ് ഈ അപേക്ഷയും നൽകിയിരിക്കുന്നത്. കേസ് തീർപ്പാക്കുന്നതുവരെയോ അല്ലെങ്കിൽ തത്തുല്യമായ മറ്റൊരു താമസസൗകര്യം ഒരുക്കുന്നതുവരെയോ നീലങ്കരൈയിലെ കാസുവാരിന ഡ്രൈവിലുള്ള വസതിയിൽ താമസിക്കാൻ അനുവദിക്കണമെന്നും സ്ഥിരമായ ജീവനാംശം നൽകണമെന്നും സംഗീത ആവശ്യപ്പെടുന്നു.
വിജയ്‌യുമായുള്ള 26 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടെ ഉത്തരവാദിത്തമുള്ള വീട്ടമ്മയായി താൻ കടമകൾ നിർവഹിച്ചുവെന്ന് 48-കാരിയായ സംഗീത സത്യവാങ്മൂലത്തിൽ പറയുന്നു. യുകെ പൗരത്വമുള്ള തനിക്ക് നിലവിൽ ഇന്ത്യയിൽ മറ്റ് താമസസൗകര്യങ്ങൾ ഇല്ലെന്നും, നിയമപരമായ നീക്കങ്ങളുമായി മുന്നോട്ട് പോയാൽ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് വിജയ് തന്റെ അഭിഭാഷകൻ മുഖേന സൂചിപ്പിച്ചതായും അവർ ആരോപിക്കുന്നുണ്ട്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനാലാണ് കോടതിയെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി.
തമിഴക വെട്രി കഴകം (TVK) എന്ന പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ സജീവമായ വിജയ്‌യുടെ ഔദ്യോഗിക വിലാസമായി നൽകിയിരിക്കുന്നതും ഇതേ വസതിയാണ്. തമിഴ് സിനിമയിലെ സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ വ്യക്തിജീവിതത്തിലെ നിയമപോരാട്ടം ആരാധകർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.