30/03/2026
[fontresizer_tawhidurrahmandear_widget]

37 സെക്കൻഡ് വിജയാഘോഷ വീഡിയോയിൽ ജയ് ഷായുടെ ‘ഫുൾ ഫിഗർ’ 12 തവണ! ബി.സി.സി.ഐയെ വിമർശിച്ച് വിദേശ മാധ്യമങ്ങൾ

 37 സെക്കൻഡ് വിജയാഘോഷ വീഡിയോയിൽ ജയ് ഷായുടെ ‘ഫുൾ ഫിഗർ’ 12 തവണ! ബി.സി.സി.ഐയെ വിമർശിച്ച് വിദേശ മാധ്യമങ്ങൾ

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ചരിത്രവിജയം കുറിച്ചെങ്കിലും, വിജയത്തിന് പിന്നാലെ ബി.സി.സി.ഐ പുറത്തിറക്കിയ ഒരു വീഡിയോ അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ലോകകപ്പ് ഹീറോകളായ താരങ്ങളെക്കാൾ കൂടുതൽ സ്‌ക്രീൻ ടൈം ഐ.സി.സി ചെയർമാൻ ജയ് ഷായ്ക്ക് നൽകിയതിനെയാണ് വിദേശമാധ്യമങ്ങൾ ഇപ്പോൾ വിമർശിക്കുന്നത്. ഓസ്ട്രേലിയൻ മാധ്യമമായ എ.ബി.സി, പ്രമുഖ സ്‌പോർട്‌സ് മാധ്യമമായ വിസ്ഡൻ എന്നിവയെല്ലാം കടുത്ത ഭാഷയിലാണ് ബി.സി.സി.ഐയ്‌ക്കെതിരെ വിമർശനമുയർത്തിയിരിക്കുന്നത്.

വിജയാഘോഷത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള മോണ്ടാഷ് വീഡിയോയിൽ ജയ് ഷാ പ്രത്യക്ഷപ്പെടുന്നത് 12 തവണയാണ്. അതായത് ഓരോ മൂന്ന് സെക്കൻഡിലും ഒരിക്കൽ ഷായുടെ മുഖം സ്‌ക്രീനിൽ മിന്നിമറയുന്നു. ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെ അഭിനന്ദിക്കുന്നതും, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രോഹിത് ശർമയ്‌ക്കൊപ്പം നടന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിക്കൊപ്പമുള്ള ദൃശ്യമാണ് മറ്റൊന്ന്.

ഫൈനലിൽ വിജയറൺ കുറിച്ചത് താനാണെന്ന മട്ടിൽ സോളോ ഷോട്ട് നൽകുന്നതും സൂര്യകുമാർ യാദവിനൊപ്പം ടീമിന്റെ ‘കോ-ക്യാപ്റ്റനെപ്പോലെ’ കിരീടം ഉയർത്തുന്നതും വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. ഫിഫ ലോകകപ്പ് ഫൈനൽ വീഡിയോയിൽ ലയണൽ മെസ്സിയെക്കാൾ കൂടുതൽ ജിയാനി ഇൻഫാന്റിനോയെ കാണിച്ചതുമായാണ് വിമർശകർ ഇതിനെ താരതമ്യം ചെയ്യുന്നത്.

ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ 37-ാം വയസ്സിലാണ് ഐസിസിയുടെ തലപ്പത്തെത്തുന്നത്. ഐസിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു ജയ് ഷാ. എന്നാൽ, അദ്ദേഹം ഐ.സി.സി ചെയർമാനായി ചുമതലയേറ്റ ശേഷം ഇത്തരം സെൽഫ് പ്രമോഷൻ റീലുകളും പോസ്റ്റുകളും പതിവാകുകയാണെന്നാണ് വിമർശനമുയരുന്നത്.

കഴിഞ്ഞ തവണ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ തോൽപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയെക്കാൾ ഷായ്ക്കു പ്രാധാന്യം നൽകിയുള്ള വീഡിയോ വലിയ വിമർശനത്തിനിടയാക്കിയിരുന്നു. അന്ന് ഐസിസി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ച വീഡിയോയിലായിരുന്നു ഇത്. ഐ.സി.സിയുടെയും ഉൾപ്പെടെയുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ ഒരു വ്യക്തിയുടെ പി.ആർ വർക്കിനായി ഉപയോഗിക്കപ്പെടുകയാണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. വലിയ വിമർശനവും പൊങ്കാലയും വന്നതോടെ ഈ പോസ്റ്റ് പിൻവലിക്കുകയാണുണ്ടായത്.

വിദേശ മാധ്യമപ്രവർത്തകരായ ആദം കോളിൻസ്, ജിയോഫ് ലെമൺ എന്നിവർ ഈ പ്രവണത അസ്വാഭാവികവും അനാരോഗ്യകരമവുമാണെന്നാണു വിമർശിച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ തീരുമാനങ്ങൾ എടുക്കേണ്ട ഒരാൾ തന്റെ പഴയ ജോലിയിലായിരുന്നപ്പോഴത്തെ പോലെ ആഘോഷിക്കുന്നത് കാണാൻ രസകരമല്ലെന്ന് കോളിൻസ് പറഞ്ഞു.

ഈ ലോകകപ്പ് തുടക്കം മുതൽ ബിസിസിഐയുടെ അമിതാധികാരത്തെ ചൊല്ലിയുള്ള വിവാദങ്ങളാൽ നിറഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽനിന്ന് പുറത്താക്കി പകരം സ്‌കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയതായിരുന്നു തുടക്കം. എന്നാൽ, ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാനിലേക്ക് പോകാൻ ബിസിസിഐ വിസമ്മതിച്ചപ്പോൾ ഇതേ നിയമം ബാധകമായിരുന്നില്ല.

Also read: