02/04/2026
[fontresizer_tawhidurrahmandear_widget]

‘പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല’; ജ്ഞാനപീഠം നേടിയ വൈരമുത്തുവിനെ അഭിനന്ദിച്ച കമൽ ഹാസനും രജനീകാന്തിനുമെതിരെ ചിന്മയി

 ‘പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല’; ജ്ഞാനപീഠം നേടിയ വൈരമുത്തുവിനെ അഭിനന്ദിച്ച കമൽ ഹാസനും രജനീകാന്തിനുമെതിരെ ചിന്മയി

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ 60-ാമത് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ് സിനിമാ-രാഷ്ട്രീയ ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ വൈരമുത്തുവിനെ അഭിനന്ദിച്ചു. എന്നാൽ, വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപാദ കടുത്ത വിമർശനവുമായി രംഗത്തെത്തി.

വൈരമുത്തുവിനെ തന്റെ മാർഗദർശി എന്ന് വിശേഷിപ്പിച്ച കമൽഹാസന്റെ കുറിപ്പിനെതിരെയാണ് ചിന്മയിയുടെ പ്രധാന വിമർശനം. “സിനിമയിൽ അധികാരമുള്ള പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഇരകളായ സ്ത്രീകളെ അവഗണിക്കുന്നു. പുരുഷന്മാർ എപ്പോഴും അവരുടെ സഹോദരന്മാർക്കും ഉപദേഷ്ടാക്കൾക്കും ഒപ്പമേ നിൽക്കൂ എന്ന് സ്ത്രീകൾ തിരിച്ചറിയണം,” എന്ന് ചിന്മയി എക്സിലൂടെ തുറന്നടിച്ചു. 2018-ലെ ‘മീ ടൂ’ തരംഗത്തിനിടെ വൈരമുത്തുവിനെതിരെ ആദ്യം രംഗത്തുവന്നത് ചിന്മയി ആയിരുന്നു.

വൈരമുത്തുവിന് മുൻപ് കേരളത്തിൽ ഒഎൻവി കുറുപ്പ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ വലിയ പ്രതിഷേധം ഉണ്ടായതും പിന്നീട് അത് പിൻവലിച്ചതും ചിന്മയി ഓർമ്മിപ്പിച്ചു. തമിഴ് എഴുത്തുകാരൻ ജയകാന്തന്റെ മകൾ ഉന്നയിച്ച വ്യാജ കത്ത് വിവാദവും അവർ ഉയർത്തിക്കാട്ടി. ആരോപണങ്ങൾക്ക് പിന്നാലെ തമിഴ് ഡബ്ബിങ് യൂണിയനിൽ നിന്ന് പുറത്താക്കപ്പെട്ട തനിക്ക് വലിയ തൊഴിൽ നഷ്ടങ്ങൾ ഉണ്ടായെന്നും എന്നാൽ കുറ്റാരോപിതൻ ആദരിക്കപ്പെടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, വൈരമുത്തു നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ലെന്ന് മുതിർന്ന സംഗീതസംവിധായകൻ ഗംഗൈ അമരൻ പ്രതികരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഏഴ് ദേശീയ പുരസ്കാരങ്ങൾ നേടിയ വൈരമുത്തു, അഖിലനും ജയകാന്തനും ശേഷം ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ്. ലൈംഗികാരോപണങ്ങളിൽ വൈരമുത്തു ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

Also read: