02/04/2026
[fontresizer_tawhidurrahmandear_widget]

‘ധുരന്ധർ 2’വിന്‌ സെൻസർ ബോർഡിന്റെ 21 ‘വെട്ട്‌’; നോട്ട് നിരോധന രംഗത്തിലും തിരുത്തൽ

 ‘ധുരന്ധർ 2’വിന്‌ സെൻസർ ബോർഡിന്റെ 21 ‘വെട്ട്‌’;  നോട്ട് നിരോധന രംഗത്തിലും തിരുത്തൽ

മുംബൈ: വൻപ്രതീക്ഷയോടെ എത്തുന്ന രൺവീർ സിങ്‌ ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് സെൻസർ ബോർഡിന്റെ കർശന നിയന്ത്രണങ്ങൾ. ചിത്രത്തിലെ അക്രമാസക്തമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമടക്കം 21 മാറ്റങ്ങളാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർദ്ദേശിച്ചിരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ, തലവെട്ടുന്ന രംഗങ്ങൾ, സിമന്റ് കട്ടയും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവയുടെ ദൈർഘ്യം കുറയ്ക്കാൻ ബോർഡ് ആവശ്യപ്പെട്ടു. കൂടാതെ, ചിത്രത്തിലെ സബ്ടൈറ്റിലുകളിൽ പരാമർശിച്ചിരുന്ന നോട്ട് നിരോധന തീയതികളിൽ തിരുത്തൽ വരുത്താനും നിർദ്ദേശമുണ്ട്. പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശങ്ങൾക്കും വാർത്താ ദൃശ്യങ്ങൾക്കും അണിയറപ്രവർത്തകർ ഔദ്യോഗിക അനുമതി പത്രം ഹാജരാക്കി.

മാറ്റങ്ങൾക്ക് ശേഷം ചിത്രത്തിന്റെ ദൈർഘ്യത്തിൽ ആറ് മിനിറ്റോളം കുറവുണ്ടായിട്ടുണ്ട്. എങ്കിലും 3 മണിക്കൂർ 49 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ആദ്യഭാഗത്തേക്കാൾ 14 മിനിറ്റ് കൂടുതലാണ്. ആഗോളതലത്തിൽ 150 കോടിയോളം രൂപയുടെ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം ചിത്രം നേടിയിട്ടുണ്ട്. ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം നാളെ അഞ്ച് ഭാഷകളിലായി തിയേറ്ററുകളിലെത്തും.

Also read: