18/04/2026
[fontresizer_tawhidurrahmandear_widget]

കോടീശ്വരനായ പിതാവ്, പക്ഷേ മകൻ ജീവിക്കുന്നത് 4,500 രൂപയ്ക്ക്! അക്ഷയ് കുമാറിന്റെ മകന്റെ വൈറൽ ജീവിതകഥ

 കോടീശ്വരനായ പിതാവ്, പക്ഷേ മകൻ ജീവിക്കുന്നത് 4,500 രൂപയ്ക്ക്! അക്ഷയ് കുമാറിന്റെ മകന്റെ വൈറൽ ജീവിതകഥ

സിനിമയിലെ താരരാജാക്കന്മാരുടെ മക്കൾ വെള്ളിത്തിരയിലേക്ക് ചുവടുവെക്കാൻ കാത്തുനിൽക്കുമ്പോൾ, ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ മകൻ ആരവ് ഭാട്ടിയ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു പാതയാണ്. ആഡംബര ജീവിതം ഉപേക്ഷിച്ച്, ഫാഷൻ ലോകത്തോടുള്ള തന്റെ അഭിനിവേശം പിന്തുടരാൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ഈ ഇരുപതുകാരൻ.

സിനിമയോട് താൽപ്പര്യമില്ല, ലക്ഷ്യം ഫാഷൻ
തന്റെ മകന് അഭിനയത്തോടോ സിനിമയോടോ യാതൊരു താൽപ്പര്യവുമില്ലെന്ന് അക്ഷയ് കുമാർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ സിനിമാ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം സ്വന്തമായി ഒരു വ്യക്തിത്വം കെട്ടിപ്പടുക്കാനാണ് ആരവ് ആഗ്രഹിക്കുന്നത്. നിലവിൽ ഫാഷൻ ഡിസൈനിംഗിൽ താൽപ്പര്യമുള്ള ആരവ്, ഗ്രാമങ്ങളിലെ തനതായ വസ്ത്രരീതികളും പ്രിന്റുകളും കരകൗശല വിദ്യകളും നേരിട്ട് പഠിക്കാനുള്ള ശ്രമത്തിലാണ്.

മാസം 4,500 രൂപ വരുമാനം; ലളിത ജീവിതം
ഒരു ജോലി ചെയ്ത് മാസം 4,500 രൂപ മാത്രമാണ് ആരവ് സമ്പാദിക്കുന്നതെന്ന് അക്ഷയ് കുമാർ പറഞ്ഞു. “അവൻ സ്വന്തമായി ജോലി ചെയ്യുന്നു, മാസം 4,500 രൂപയോളം സമ്പാദിക്കുന്നുണ്ട്. അത് നല്ലൊരു കാര്യമാണ്. നിലവിൽ അവൻ ഗ്രാമങ്ങളിൽ പോയി അവിടുത്തെ തനതായ രീതികളും തുണിത്തരങ്ങളും പഠിക്കുകയാണ്,” അക്ഷയ് കൂട്ടിച്ചേർത്തു. പതിനഞ്ചാം വയസ്സിൽ തന്നെ ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പോയ ആരവ്, അവിടെ അലക്കൽ മുതൽ പാചകം വരെ സ്വന്തമായി ചെയ്താണ് ജീവിക്കുന്നത്.

സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ, ധൂർത്തില്ല
കോടീശ്വരനായ പിതാവിന്റെ മകനാണെങ്കിലും ആഡംബര വസ്ത്രങ്ങൾ വാങ്ങാൻ ആരവ് ഇഷ്ടപ്പെടുന്നില്ല. ‘ത്രിഫ്റ്റി’ പോലുള്ള സെക്കൻഡ് ഹാൻഡ് വസ്ത്രശാലകളിൽ നിന്നാണ് അവൻ വസ്ത്രങ്ങൾ വാങ്ങാറുള്ളതെന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തി. സാധനങ്ങൾ പാഴാക്കാൻ അവന് ഇഷ്ടമല്ല. പിതാവിനെപ്പോലെ തന്നെ കഠിനമായ അച്ചടക്കവും വ്യായാമശീലവും ആരവ് പിന്തുടരുന്നുണ്ട്. ജൂഡോയിലും കുഡോയിലും (Kudo) ബ്ലാക്ക് ബെൽറ്റും ആരവ് നേടിയിട്ടുണ്ട്.

മക്കൾക്ക് അനാവശ്യ ഉപദേശങ്ങൾ നൽകുന്നതിന് പകരം മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കുക എന്ന ഒരൊറ്റ തത്വം മാത്രമാണ് താൻ പഠിപ്പിച്ചു നൽകിയിട്ടുള്ളതെന്നും അക്ഷയ് കുമാർ പറഞ്ഞു. സ്വന്തം അധ്വാനത്തിലൂടെ വളരാൻ ആഗ്രഹിക്കുന്ന ആരവിന്റെ ഈ നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.

Also read: