‘ഈ പാട് ഞാൻ എന്തിലൂടെയാണ് കടന്നുപോയതെന്ന് ഓർമിപ്പിക്കുന്നു’; ആകാംക്ഷയും ആശങ്കയും നിറച്ച് അഭിഷേക് ബാനർജിയുടെ കുറിപ്പ്
ന്യൂഡൽഹി: പാതി മുഖത്തിന്റെ ചിത്രവും ദുരൂഹതയുണർത്തുന്ന സന്ദേശവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജി. നിലവിൽ കണ്ണിന്റെ ചികിത്സയ്ക്കായി അമേരിക്കയിൽ കഴിയുന്ന അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.
കണ്ണിന് താഴെ കവിളിൽ ചുവന്ന പാടുകളുള്ള ചിത്രത്തോടൊപ്പം, “ഈ പാട് ഞാൻ എന്തിലൂടെയാണ് കടന്നുപോയതെന്ന് പറയുന്നു, എന്നാൽ എൻ്റെ കണ്ണുകൾ പറയുന്നത് ഇനിയും അവസാനിച്ചിട്ടില്ലെന്നാണ്” എന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
2016 ഒക്ടോബറിൽ മുർഷിദാബാദിലെ രാഷ്ട്രീയ പരിപാടി കഴിഞ്ഞ് കൊൽക്കത്തയിലേക്ക് മടങ്ങവെ ഉണ്ടായ റോഡപകടത്തിലാണ് അഭിഷേക് ബാനർജിക്ക് കണ്ണിന് ഗുരുതരമായി പരിക്കേൽക്കുന്നത്. തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി ചികിത്സ തേടി വരികയായിരുന്നു.
കേസുകളിൽ പ്രതിയായതിനാൽ അഭിഷേക് വിദേശത്തേക്ക് പോയാൽ തിരിച്ചെത്തില്ലെന്ന് കാണിച്ച് പശ്ചിമ ബംഗാൾ സർക്കാർ യാത്രയെ എതിർത്തെങ്കിലും കൽക്കട്ട ഹൈകോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി മൂന്ന് ആഴ്ചത്തെ വിദേശ ചികിത്സയ്ക്ക് അനുമതി നൽകുകയായിരുന്നു. യാത്ര, താമസം, ഡോക്ടർമാർ, മടക്കയാത്ര എന്നിവയുടെ വിവരങ്ങൾ സമർപ്പിക്കണമെന്ന ഉപാധിയോടെയാണ് കോടതി ഇടപെടൽ. ചികിത്സ തെരഞ്ഞെടുക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അടുത്തിടെ നിരവധി രാഷ്ട്രീയ പ്രതിസന്ധികളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും അഭിഷേക് നേരിട്ടിരുന്നു. ജൂണിൽ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. മേയിൽ സോനാർപൂരിൽ വെച്ച് ജനക്കൂട്ടത്തിന്റെ കല്ലേറും മുട്ടയേറും നേരിടേണ്ടി വന്ന അദ്ദേഹത്തെ പൊലീസാണ് സുരക്ഷിതമായി മാറ്റിയത്. സെപ്റ്റംബറിൽ ഭൂമി ഇടപാട് കേസിൽ ഇദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് സുമിത് റോയിയെ സിഐഡി അറസ്റ്റ് ചെയ്യുകയുമുണ്ടായി.