04/06/2026
[fontresizer_tawhidurrahmandear_widget]

അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണം: മമത വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 60 എം.എൽ.എമാർ

 അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണം: മമത വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 60 എം.എൽ.എമാർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വസതിയിൽ അടിയന്തരമായി വിളിച്ചുചേർത്ത പുതിയ നിയമസഭ കക്ഷി യോഗം പരാജയപ്പെട്ടതായി റിപ്പോർട്ട്. ആകെയുള്ള 80 തൃണമൂൽ എം.എൽ.എമാരിൽ വെറും 20 പേർ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. മുക്കാൽ ഭാഗത്തോളം ജനപ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ടുനിന്നത് ബംഗാൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ പരിപാടികൾ പ്രാദേശികമായി സംഘടിപ്പിക്കുന്നതിൻ്റെ തിരക്കിലായതിനാലാണ് ഭൂരിഭാഗം എം.എൽ.എമാർക്കും കൊൽക്കത്തയിലെത്താൻ കഴിയാതിരുന്നതെന്നാണ് പാർട്ടിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം.

അഭിഷേക് ബാനർജി, കല്യാൺ ബാനർജി എന്നിവർക്ക് നേരെ ഉണ്ടായ തുടർച്ചയായ അക്രമങ്ങളെ തുടർന്ന് യോഗം മാറ്റിവെക്കേണ്ടി വന്നതാണെന്ന് ടി.എം.സി വക്താവ് കുനാൽ ഘോഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ വരും മണിക്കൂറുകളിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച യോഗമായിരുന്നിട്ടും പെട്ടെന്നുണ്ടായ അടിയന്തര സാഹചര്യങ്ങൾ കാരണമാണ് പല ജനപ്രതിനിധികൾക്കും യോഗത്തിനെത്താൻ കഴിയാതിരുന്നതെന്ന് കുനാൽ ഘോഷ് വിശദീകരിച്ചു. പലയിടങ്ങളിലും തൃണമൂൽ പ്രവർത്തകർക്കെതിരെ വ്യാപകമായി പൊലീസ് നടപടികളുണ്ടാകുന്നുണ്ടെന്നും, ഇതേതുടർന്ന് അറസ്റ്റിലായ പ്രവർത്തകർക്ക് നിയമസഹായം നൽകുന്നതിനും പ്രാദേശികമായി ക്രമസമാധാനം ഉറപ്പാക്കുന്നതിനും എം.എൽ.എമാർക്ക് സ്വന്തം മണ്ഡലങ്ങളിൽ തന്നെ തുടരേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ എം.എൽ.എമാർ തന്നെയായിരുന്നു നേതൃത്വത്തോട് ആവശ്യപ്പെട്ടത്. മുൻപ് നിശ്ചയിച്ച സമയമായ ഉച്ചക്ക് മൂന്നിന് തന്നെ 20 എം.എൽ.എമാർ കാളിഘട്ടിലെ മമതയുടെ വസതിയിൽ എത്തിയിരുന്നു. യോഗം ഔദ്യോഗികമായി റദ്ദാക്കിയെങ്കിലും, അവിടെയെത്തിയ ജനപ്രതിനിധികളുമായി മമത ബാനർജി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രത്യേക ചർച്ചകൾ നടത്തുകയായിരുന്നു.

Also read: