30/03/2026
[fontresizer_tawhidurrahmandear_widget]

കർണാടകയിൽ കുടിയിറക്കപ്പെട്ടവർക്ക് പെരുന്നാൾ സമ്മാനം; ഫ്‌ളാറ്റുകൾ വിതരണം ചെയ്ത് സിദ്ധരാമയ്യ സർക്കാർ

 കർണാടകയിൽ കുടിയിറക്കപ്പെട്ടവർക്ക് പെരുന്നാൾ സമ്മാനം; ഫ്‌ളാറ്റുകൾ വിതരണം ചെയ്ത് സിദ്ധരാമയ്യ സർക്കാർ

ബംഗളൂരു: കർണാടകയിലെ കോഗിലു ലേഔട്ടിൽ വീടുകൾ ഇടിച്ചുനിരത്തിയതിനെത്തുടർന്ന് തെരുവിലായ പാവപ്പെട്ട കുടുംബങ്ങൾക്ക് ഒടുവിൽ നീതി. ആഴ്ചകളോളം ദേശീയപാതയോരത്ത് നരകയാതന അനുഭവിച്ച നൂറോളം കുടുംബങ്ങൾക്ക് യുഗാദി-പെരുന്നാൾ സമ്മാനമായി സിദ്ധരാമയ്യ സർക്കാർ പുതിയ ഫ്ലാറ്റുകൾ വിതരണം ചെയ്തു. പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച അപാർട്ട്‌മെന്റുകളുടെ താക്കോൽ കൈമാറിയതോടെ ഒരു മാസമായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് അറുതിയായത്.

ഏകദേശം ഒരു മാസം മുൻപാണ് ബെംഗളൂരു യെലഹങ്കയ്ക്ക് സമീപമുള്ള കോഗിലു ലേഔട്ടിൽ വർഷങ്ങളായി താമസിച്ചിരുന്ന സാധാരണക്കാരുടെ വീടുകൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടന്ന ഒഴിപ്പിക്കൽ നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും വൃദ്ധരും അടക്കമുള്ളവർ കനത്ത മഴയിലും വെയിലിലും ഹൈവേയോരത്ത് പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടി താമസിക്കേണ്ടി വന്നു. മാധ്യമങ്ങളും വിവിധ പാർട്ടികളും ‘ബുൾഡോസർ രാജ്’ ആരോപണം ഉയർത്തി വിമർശനം ഉയർത്തിയതോടെ സംഭവം ദേശീയ ശ്രദ്ധ നേടി.

തെരുവിലായ കുടുംബങ്ങളുടെ ദുരിതം വൻ വിവാദമായതോടെയാണ് സർക്കാർ അടിയന്തര പുനരധിവാസത്തിന് നടപടി സ്വീകരിച്ചത്. കർണാടകയുടെ പുതുവർഷമായ യുഗാദിയും, വിശുദ്ധ മാസമായ റമദാന് ശേഷമുള്ള ചെറിയ പെരുന്നാളും ഒരേസമയം എത്തിയ വേളയിൽ തന്നെ ഈ കുടുംബങ്ങൾക്ക് സുരക്ഷിതമായ മേൽക്കൂര ഉറപ്പാക്കാൻ സർക്കാരിനായി.

കോഗിലു ലേഔട്ടിൽ തന്നെ സർക്കാർ പാവപ്പെട്ടവർക്കായി നിർമിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ അപാർട്ട്‌മെന്റുകളാണ് ഗുണഭോക്താക്കൾക്ക് നൽകിയത്. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഫ്ലാറ്റുകളുടെ വിതരണം വേഗത്തിലാക്കിയത്.

ഹൈവേയോരത്തെ ദുരിത ജീവിതത്തിന് അറുതി വരുത്തിക്കൊണ്ട് സ്വന്തമായി ഒരു കൂര ലഭിച്ചതിന്റെ ആശ്വാസത്തിലാണ് താമസക്കാർ. ആഘോഷവേളയിൽ തന്നെ തങ്ങൾക്ക് നീതി ലഭിച്ചതിൽ കുടുംബങ്ങൾ വലിയ സന്തോഷം രേഖപ്പെടുത്തി.

Also read: