ന്യൂയോർക്ക് വിമാനത്താവളത്തിൽ വിമാനവും വാഹനവും കൂട്ടിയിടിച്ചു; എടിസി ഓഡിയോ പുറത്ത്
വാഷിങ്ടൺ: ന്യൂയോർക്കിലെ തിരക്കേറിയ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം റൺവേയിലെ വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിന് തൊട്ടുമുമ്പ് എയർ ട്രാഫിക് കൺട്രോളർ (ATC) നൽകിയ അതീവ ജാഗ്രതാ നിർദ്ദേശങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നു. മോൺട്രിയലിൽ നിന്നും 80 യാത്രക്കാരുമായി എത്തിയ എയർ കാനഡ ഫ്ലൈറ്റ് 8646 ആണ് ലാൻഡിംഗിന് പിന്നാലെ ടാക്സി ചെയ്യുന്നതിനിടെ ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത്.
“നിർത്തൂ, നിർത്തൂ… ട്രക്ക് 1 നിർത്തൂ!” എന്ന് കൺട്രോളർ നിലവിളിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്. എന്നാൽ നിമിഷങ്ങൾക്കകം മണിക്കൂറിൽ 30 മൈൽ വേഗതയിലായിരുന്ന വിമാനം വാഹനത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ പൈലറ്റിനും സഹപൈലറ്റിനും ഗുരുതരമായി പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന ഒരു സർജന്റിനും ഓഫീസർക്കും ഒടിവുകളുണ്ടെങ്കിലും നില നിലവിൽ തൃപ്തികരമാണ്. വിമാനത്തിന്റെ മുൻഭാഗത്തിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു.
അപകടത്തെത്തുടർന്ന് ലാഗ്വാർഡിയ വിമാനത്താവളം പൂർണ്ണമായും അടച്ചിടുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ലാൻഡിംഗിന് തയ്യാറെടുത്ത മറ്റ് വിമാനങ്ങൾക്ക് അടിയന്തരമായി ആകാശത്ത് തുടരാൻ നിർദ്ദേശം നൽകി. റൺവേയിൽ വിമാനത്തിന്റെ പാതയിലേക്ക് വാഹനം എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.