ഇറാന്റെ മിസൈലുകൾക്ക് മുന്നിൽ യൂറോപും സേഫ് അല്ല? ബാലിസ്റ്റിക് മിസൈലുകളുടെ കരുത്തിൽ ആശങ്ക പങ്കുവെച്ച് പ്രതിരോധ വിദഗ്ദർ
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കനത്തിരിക്കെ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ ഇറാനെതിരെ പൂർണ്ണമായ മേൽക്കോയ്മ നേടാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കെ, ഇറാന്റെ അപ്രതീക്ഷിത സൈനിക നീക്കങ്ങൾ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തങ്ങളുടെ മിസൈൽ ശേഖരങ്ങൾ തകർത്തെന്നും നേതൃനിരയെ ഇല്ലാതാക്കിയെന്നും അവകാശപ്പെട്ടിരുന്ന പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, യൂറോപ്യൻ രാജ്യങ്ങളെ വരെ ലക്ഷ്യമിടാൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്ന് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധർ ഇപ്പോൾ വിലയിരുത്തുന്നു.
ഇത്രയും കാലം തങ്ങളുടെ മിസൈലുകൾക്ക് 2,000 കിലോമീറ്റർ ദൂരപരിധി മാത്രമേയുള്ളൂ എന്നാണ് ഇറാൻ ലോകത്തോട് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ സൈനിക താവളത്തിന് നേരെ നടന്ന മിസൈൽ വിക്ഷേപണത്തോടെ ഇറാന്റെ രഹസ്യ മിസൈൽ ശേഷി 4,000 കിലോമീറ്റർ വരെയാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ഡീഗോ ഗാർഷ്യ ലക്ഷ്യമാക്കി വിക്ഷേപിച്ച മിസൈലുകളിൽ ഒന്ന് യാത്രാമധ്യേ തകരുകയും രണ്ടാമത്തേത് അമേരിക്കൻ യുദ്ധക്കപ്പലിലെ ‘എസ്എം3’ ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർക്കുകയും ചെയ്തതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ സൈനിക മേധാവി ജനറൽ ഇയാൽ സമീർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇറാന്റെ പക്കൽ ഇത്രയും ദൂരപരിധിയുള്ള മിസൈലുകൾ ഉള്ള സാഹചര്യത്തിൽ ലണ്ടൻ, പാരീസ്, ബെർലിൻ, റോം തുടങ്ങിയ പ്രമുഖ യൂറോപ്യൻ നഗരങ്ങളെല്ലാം ഇപ്പോൾ ഇറാന്റെ നേരിട്ടുള്ള ആക്രമണ പരിധിയിലാണെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കുന്നു. ഇറാന്റെ പക്കലുള്ള ‘ഖോറംഷഹർ4’ മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പുകളോ അല്ലെങ്കിൽ ഉപഗ്രഹ വിക്ഷേപണത്തിനായി വികസിപ്പിച്ച മൾട്ടിസ്‌റ്റേജ് സാങ്കേതികവിദ്യയോ ആണ് ഇത്രയും ദൂരം സഞ്ചരിക്കാൻ ഇറാനെ സഹായിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
1,500 കിലോയിലധികം ഭാരമുള്ള സ്‌ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഈ മിസൈലുകൾ ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കുന്നതിനാൽ ഇവയെ തടയുക എന്നത് നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ്. സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ബഹിരാകാശ പദ്ധതിയെന്ന് ഇറാൻ വിശേഷിപ്പിച്ചിരുന്ന പല പരീക്ഷണങ്ങളും വാസ്തവത്തിൽ ദീർഘദൂര മിസൈലുകൾ വികസിപ്പിക്കാനുള്ള മറയായിരുന്നുവെന്നും ആരോപണമുണ്ട്.
ഇറാന്റെ മിസൈലുകൾക്ക് 4,000 കിലോമീറ്റർ ദൂരപരിധി കൈവരിക്കാൻ കഴിഞ്ഞത് പുതിയ തരം മിസൈലുകൾ നിർമ്മിച്ചതുകൊണ്ടല്ലെന്നും, മറിച്ച് നിലവിലുള്ള മിസൈലുകളിൽ ഭാരം കുറഞ്ഞ യുദ്ധമുനകൾ ഘടിപ്പിച്ചത് മൂലമാണെന്നും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് ഫൗണ്ടേഷൻ ഫോർ സ്ട്രാറ്റജിക് റിസർച്ചിലെ ഗവേഷകനായ എറ്റിയാൻ മാർക്കസിന്റെ നിരീക്ഷണമനുസരിച്ച്, മിസൈലുകൾ വഹിക്കുന്ന സ്‌ഫോടകവസ്തുക്കളുടെ ഭാരം കുറയുന്തോറും അവയ്ക്ക് കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയും.
ഇതേ അഭിപ്രായം പങ്കുവെച്ച അമേരിക്കൻ ഗവേഷകൻ സാം ലെയർ, ഇത്തരത്തിൽ ദൂരപരിധി കൂട്ടാനായി ഉപയോഗിക്കുന്ന യുദ്ധമുനകൾ വലിപ്പത്തിൽ വളരെ ചെറുതായതിനാൽ ലക്ഷ്യസ്ഥാനത്ത് വലിയ ആഘാതം സൃഷ്ടിക്കാൻ അവയ്ക്ക് കഴിയില്ലെന്നും സിഎൻഎന്നിനോട് പറഞ്ഞു. എങ്കിലും മിസൈൽ പരിധി ഇരട്ടിയായി വർദ്ധിപ്പിച്ചത് മേഖലയിലെ പ്രതിരോധ തന്ത്രങ്ങളെ മുഴുവൻ മാറ്റിമറിക്കുമെന്നും നാറ്റോ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി പരിഷ്‌കരിക്കേണ്ടി വരുമെന്നും അന്താരാഷ്ട്ര തലത്തിൽ മുന്നറിയിപ്പുകൾ ഉയരുന്നുണ്ട്. എന്നാൽ ഇറാൻ ഔദ്യോഗികമായി ഈ ആരോപണം നിഷേധിച്ചു. അന്താരാഷ്ട്ര ഏജൻസികളുടെ കയ്യിൽ ഇറാനെതിരെ തെളിവുകളുണ്ടെന്നും പറയപ്പെടുന്നു.