ലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ കറൻസി വാരിക്കൂട്ടി ശതകോടീശ്വരനായി; 5 ദിവസം കൊണ്ട് 500 കോടി പുട്ടടിച്ച് യൂട്യൂബർ-ഇങ്ങനെയുമൊരു ചലഞ്ച്!
വൈറൽ ഉള്ളടക്കങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്തവരാണ് യൂട്യൂബർമാർ, അല്ലെങ്കിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ. പലതരം ചലഞ്ചുകളുടെ കാലം കൂടിയാണിത്. നോട്ടുകെട്ടുകളുമായി മലയാളി വ്‌ളോഗർ ഉബൈദ് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും കാത്തിരിക്കുന്നവരല്ലേ നമ്മിൽ പലരും. എന്നാൽ, പ്രശസ്ത ബ്രിട്ടീഷ് യൂട്യൂബറായ വിൽനി അടുത്തിടെ ചെയ്തത് അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിക്കുന്ന ഒരു ചലഞ്ചായിരുന്നു. ചെറിയ ചെലവിൽ ശതകോടീശ്വരനാകാനുള്ള കുറുക്കുവഴി!
ഒരു പെട്ടി നിറയെ പണം. മുന്നിൽ അഞ്ച് ദിവസത്തെ സമയപരിധി. അതിനുള്ളിൽ ആ ‘ശതകോടികൾ’ അടിച്ചുപൊളിച്ചു ചെലവാക്കണം. ഒരു ‘ശതകോടീശ്വരന്റെ’ ജീവിതം അനുഭവിച്ചറിയണം. ഇതായിരുന്നു ചലഞ്ച്. ലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ കറൻസികളിലൊന്നായ ലബനീസ് ലിറയാണ് അതിനായി വിൽനി തിരഞ്ഞെടുത്തത്. 500 കോടി ലിറയുമായാണ് യുവാവ് ആ ചലഞ്ചിനിറങ്ങിയത്.
‘ശതകോടീശ്വര ജീവിതം’
ലബനാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞ അവസ്ഥയിലാണ്. അങ്ങനെയാണ് അഞ്ച് ബില്യൺ ലിറയുടെ മൂല്യം ഏകദേശം 55,845 ഡോളറിന് തുല്യമാകുന്നത്. ഏകദേശം 46 ലക്ഷം ഇന്ത്യൻ രൂപ മാത്രം. അഞ്ച് ദിവസത്തിനുള്ളിൽ ഈ തുക മുഴുവൻ ചെലവഴിക്കണം എന്നതായിരുന്നു വിൽനി സ്വയം ഏറ്റെടുത്ത ചലഞ്ച്. തന്റെ സുഹൃത്ത് മൈക്കിക്കൊപ്പമാണ് അദ്ദേഹം ഈ ‘ലക്ഷ്വറി മിഷൻ’ ആരംഭിച്ചത്.
ബെയ്‌റൂത്തിലെ തെരുവുകളിൽനിന്ന് തുടങ്ങിയ യാത്രയിൽ ഇവർ പണം വാരിക്കോരി ചെലവഴിച്ചു. ആഡംബര വില്ലകൾ, സ്വകാര്യ ഷെഫിന്റെ സേവനം, മെഡിറ്ററേനിയൻ കടലിലെ വമ്പൻ യാട്ട് യാത്രകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഇതിനിടയിൽ തമാശയ്ക്കായി വ്യാജ ഡിസൈനർ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടാനും ഇവർ മറന്നില്ല. ഓരോ ദിവസവും ഏകദേശം 11,000 ഡോളറിലധികം ചെലവാക്കേണ്ടി വന്ന ഇവരുടെ യാത്ര ശരിക്കും ആഡംബര ജീവിതം തന്നെയായിരുന്നു.
തിരിച്ചറിവിന്റെ നിമിഷം
ആദ്യ ദിവസങ്ങളിൽ വെറുമൊരു വിനോദമായി കണ്ട ഈ യാത്രയുടെ ഗതി മാറ്റിയത് ഇവരുടെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഗൈഡായ അലിയാണ്. ലബനാനിലെ ഓരോ മുക്കിലും മൂലയിലും ഇവർക്ക് വഴികാട്ടിയായതും, പ്രാദേശിക ഭാഷ പഠിപ്പിച്ചു കൊടുത്തതും, അപ്രതീക്ഷിത തടസങ്ങളിൽനിന്ന് ഇവരെ സംരക്ഷിച്ചതും അലിയായിരുന്നു. യാത്രയുടെ അവസാനമായപ്പോഴേക്കും തങ്ങൾ ആഡംബരങ്ങൾക്കായി ചെലവാക്കുന്ന പണത്തേക്കാൾ മൂല്യം അലിയുടെ ആത്മാർത്ഥതയ്ക്കുണ്ടെന്ന് യൂട്യൂബർ തിരിച്ചറിഞ്ഞു.
അങ്ങനെയാണ് യാത്രയുടെ അവസാന ദിവസം ആ സർപ്രൈസ് പ്ലാൻ ചെയ്യുന്നത്. ബാക്കിയുള്ള പണം എന്ത് ചെയ്യണമെന്ന ആലോചനയിലാണ് അലിയെ ഞെട്ടിക്കാൻ വിൽനി തീരുമാനിച്ചത്. അലിയോട് അദ്ദേഹത്തിന്റെ സ്വപ്ന വാഹനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു ‘ടൊയോട്ട ഹിലക്‌സ്’ പിക്കപ്പ് ട്രക്ക് എന്നായിരുന്നു മറുപടി. ഒട്ടും വൈകിയില്ല, ചലഞ്ചിന്റെ ഭാഗമായി ബാക്കിയുണ്ടായിരുന്ന തുക ഉപയോഗിച്ച് പുത്തൻ ടൊയോട്ട ഹിലക്‌സ് തന്നെ ഇവർ അലിക്കായി വാങ്ങി.
വാഹനത്തിന്റെ താക്കോൽ കൈമാറുന്ന നിമിഷം വൈകാരികമായിരുന്നു. ‘ഞങ്ങളെ സംരക്ഷിക്കാൻ ഇത്രയും നാൾ കൂടെ നിന്ന അലിയാണ് ഈ പണത്തിന് ഏറ്റവും അർഹൻ,’ താക്കോൽ അലിയുടെ കൈയിൽ ഏൽപ്പിച്ച് വിൽനി പറഞ്ഞു. അപ്രതീക്ഷിതമായി ലഭിച്ച ആ വലിയ സമ്മാനം കണ്ട് അലി വികാരാധീനനായി. കേവലം ഒരു വീഡിയോ ഷൂട്ടിനായി വന്നവർ തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വാർത്ത വെറുമൊരു പണം ചെലവാക്കൽ ചലഞ്ചല്ല, മറിച്ച് മനുഷ്യത്വത്തിന്റെ കഥ കൂടിയാണ്. കറൻസിയുടെ മൂല്യം ഇടിഞ്ഞ ഒരു രാജ്യത്ത്, ആ കറൻസി തന്നെ ഉപയോഗിച്ച് ഒരാളുടെ ജീവിതത്തിന് പുതിയ മൂല്യം നൽകാൻ ഈ യൂട്യൂബർക്ക് സാധിച്ചു. ആഡംബരങ്ങൾക്കായി തുടങ്ങിയ യാത്ര നന്മയുടെ ഒരു വലിയ പാഠവുമായാണ് അവസാനിച്ചത്.