‘തുടർദുരന്തം അവസാനിക്കണം, കടക്കുപുറത്ത്’; സർക്കാരിനെതിരെ ഫിലിം ചേംബർ പ്രസിഡന്റ്
കൊച്ചി: കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അനിൽ തോമസ്. 10 വർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായെന്നും സിനിമ മേഖലയ്ക്ക് കഴിഞ്ഞ 10 വർഷം ദുരന്തം മാത്രമാണ് സർക്കാർ നൽകിയതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ വിമർശനം.
സിനിമ മേഖലയിലെ തന്റെ അനുഭവങ്ങൾ മുൻനിർത്തിയാണ് സർക്കാരിന്റെ പരാജയം വ്യക്തമാക്കുന്നതെന്ന് അനിൽ തോമസ് പറയുന്നു. സംസ്ഥാനത്ത് നടക്കുന്നത് നികുതിക്കൊള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. 2017-ൽ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ വിനോദനികുതി ഒഴിവാക്കിയെങ്കിലും, ഒരു വർഷം തികയും മുൻപ് അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് അത് തിരികെ കൊണ്ടുവന്നു. സിനിമ മേഖലയുടെ പ്രതിഷേധം കണക്കിലെടുക്കാതെയായിരുന്നു ഈ നടപടി. നിലവിലെ ധനമന്ത്രി കെ.എൻ ബാലഗോപാലും ഈ രീതി തുടരുകയാണെന്നും നികുതി കുടിശ്ശികയ്ക്ക് 24% പലിശ ഈടാക്കുന്ന സർക്കാർ ‘ബ്ലേഡ് കമ്പനി’ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിനിമ മന്ത്രി ഈ കാര്യത്തിൽ നിസ്സഹായനാണെന്നും, മുഖ്യമന്ത്രി സിനിമ വ്യവസായത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ സമയം കണ്ടെത്തിയില്ലെന്നും അനിൽ തോമസ് പറഞ്ഞു. ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ കാണിക്കുന്ന താൽപ്പര്യം ഇരട്ട നികുതി ഒഴിവാക്കാൻ സർക്കാർ കാണിക്കുന്നില്ല. “തുടർദുരന്തം അവസാനിക്കണം” എന്ന് തുടങ്ങുന്ന പോസ്റ്റ് “കടക്കുപുറത്ത്, എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്” എന്ന വാക്കുകളോടെയാണ് അവസാനിക്കുന്നത്. കാര്യങ്ങൾ കേൾക്കാനും മനസ്സിലാക്കാനും കഴിയുന്നവർ നാട് ഭരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.