11/04/2026
[fontresizer_tawhidurrahmandear_widget]

‘എന്നെ നോക്കി ലൈംഗിക ചേഷ്ടകൾ കാണിച്ചു; തിരക്കഥ തയാറാക്കി വേട്ടയാടുന്നു’- പണം വിതരണം ചെയ്ത സംഭവത്തിൽ ശോഭാ സുരേന്ദ്രൻ

 ‘എന്നെ നോക്കി ലൈംഗിക ചേഷ്ടകൾ കാണിച്ചു; തിരക്കഥ തയാറാക്കി വേട്ടയാടുന്നു’- പണം വിതരണം ചെയ്ത സംഭവത്തിൽ ശോഭാ സുരേന്ദ്രൻ

പാലക്കാട്: വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ രാഷ്ട്രീയമായി വേട്ടയാടാൻ ബോധപൂർവം തയ്യാറാക്കിയ തിരക്കഥയാണിതെന്ന് അവർ ആരോപിച്ചു. ശനിയാഴ്ച കണ്ണാടി പഞ്ചായത്തിൽ എത്തിയത് ഒരു ക്യാൻസർ രോഗിയെ കാണാനായിരുന്നുവെന്നും പണം നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വാഹനത്തെ ഒരു സംഘം ആളുകൾ കാറിൽ പിന്തുടരുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. അമ്മയുടെ പ്രായമുള്ള തന്നോട് കാറിലുണ്ടായിരുന്ന ഒരു യുവാവ് മൂന്ന് തവണ ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ആംഗ്യങ്ങൾ കാണിച്ചു, ഇത് ചോദ്യം ചെയ്യാനാണ് താൻ വാഹനം നിർത്തി ഇറങ്ങിയതെന്നും ശോഭ സുരേന്ദ്രൻ വിശദീകരിച്ചു. കാർ ഓടിച്ചിരുന്ന വിനേഷ് സർഗ്ഗ എന്നയാൾക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

“പാലക്കാട്ടെ വോട്ടർമാരെ മുഴുവൻ അപമാനിക്കുന്ന വാർത്തകളാണ് പുറത്തുവന്നത്. ഞാൻ പണം നൽകുന്നു എന്ന പരാതി നേരത്തെ തന്നെ തയ്യാറാക്കി കളക്ടർക്ക് നൽകിയിരുന്നു. ഇത് ഗൂഢാലോചനയാണ്,” ശോഭ സുരേന്ദ്രൻ പറഞ്ഞു. ദൃശ്യങ്ങളിൽ പണം നൽകുന്നതായി പറയുന്ന വെള്ള ചുരിദാർ ധരിച്ച സ്ത്രീ തന്റെ കാറിൽ ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ആരോപണത്തിൽ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും നടത്തിയ പ്രാഥമിക പരിശോധനയിൽ പണം കൈമാറിയിട്ടില്ലെന്ന് കണ്ടെത്തി. ദൃശ്യങ്ങളിലുള്ള വയോധികയും കുടുംബവും പണം വാങ്ങിയിട്ടില്ലെന്ന് ഉദ്യോഗസ്ഥരോട് മൊഴി നൽകി. വയോധികയുടെ കൈവശം ഉണ്ടായിരുന്ന പണമാണ് ദൃശ്യങ്ങളിൽ കണ്ടതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. സത്യം തെളിയിച്ച ശേഷം മാത്രമേ താൻ പിന്നോട്ടുള്ളൂ എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

Also read: