21/04/2026
[fontresizer_tawhidurrahmandear_widget]

ഗുരുവായൂരിൽ സ്ട്രോങ് റൂമിലെ സിസിടിവി ഒരു മണിക്കൂർ പ്രവർത്തനരഹിതം; ദുരൂഹത ആരോപിച്ച് യുഡിഎഫ് പരാതി നൽകി

 ഗുരുവായൂരിൽ സ്ട്രോങ് റൂമിലെ സിസിടിവി ഒരു മണിക്കൂർ പ്രവർത്തനരഹിതം; ദുരൂഹത ആരോപിച്ച് യുഡിഎഫ് പരാതി നൽകി

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് രംഗത്ത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെയുള്ള ഒരു മണിക്കൂർ സമയമാണ് ക്യാമറകൾ പണിമുടക്കിയത്. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി സി.എച്ച് റഷീദ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സുരക്ഷാ സംവിധാനങ്ങളിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ഒരു മണിക്കൂറോളം ദൃശ്യങ്ങൾ ലഭ്യമാകാത്തത് സ്ട്രോങ് റൂമിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണെന്നും സ്ഥാനാർഥി പരാതിയിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഗുരുവായൂരിലും വീഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പേരാമ്പ്രയിലെയും നെന്മാറയിലെയും സ്ട്രോങ് റൂമുകൾ തുറന്നതുമായി ബന്ധപ്പെട്ട് നേരത്തെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദേശം നൽകിയിരുന്നതുമാണ്.

സമാനമായ പരാതി ചിറ്റൂർ മണ്ഡലത്തിൽ നിന്നും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മുതൽ ചിറ്റൂരിലെ സ്ട്രോങ് റൂമിന് പുറത്തുള്ള സിസിടിവി പ്രവർത്തിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം.

Also read: