‘അഞ്ച് സീറ്റുകളിൽ ഉറച്ച വിജയ പ്രതീക്ഷ’; ഏഴ് സീറ്റ് വരെ നേടാമെന്നും ബിജെപി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം സംബന്ധിച്ച പ്രാഥമിക വിലയിരുത്തലുകൾ പുറത്ത്. സംസ്ഥാനത്ത് അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ പാർട്ടിക്ക് ലഭിക്കുമെന്നാണ് ബിജെപി കോർ കമ്മിറ്റിയുടെ കണക്കുകൂട്ടൽ. അഞ്ച് മണ്ഡലങ്ങളിൽ ഉറച്ച വിജയപ്രതീക്ഷ പുലർത്തുന്ന പാർട്ടി, മൂന്നിടങ്ങളിൽ അട്ടിമറി വിജയവും പ്രതീക്ഷിക്കുന്നുണ്ട്.
നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ പാർട്ടി വിജയം ഉറപ്പാണെന്ന് നേതൃത്വം കരുതുന്നു. ഇതിന് പുറമെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ അട്ടിമറി വിജയത്തിനുള്ള സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. ബൂത്ത് തലത്തിലുള്ള കണക്കുകൾ നേരിട്ട് പരിശോധിക്കാൻ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട സമിതിയെ ജില്ലകളിലേക്ക് അയക്കാനും കോർ കമ്മിറ്റി തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം പാർട്ടി നേതാക്കൾക്കെതിരെയുള്ള വിമർശനങ്ങളും യോഗത്തിൽ ഉയർന്നു. ക്രൈസ്തവ സഭകളെ വിമർശിച്ച ഷോൺ ജോർജിനെതിരെ കോർ കമ്മിറ്റിയിൽ അതൃപ്തിയുണ്ടായി. എന്നാൽ സഭയെയല്ല, മറിച്ച് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച ദീപിക പത്രത്തെയാണ് താൻ വിമർശിച്ചതെന്ന് ഷോൺ വിശദീകരിച്ചു. സഭാ നേതൃത്വത്തിനെതിരെ പരസ്യ വിമർശനങ്ങൾ പാടില്ലെന്ന് നേതൃത്വം നിർദേശം നൽകി.
മറ്റൊരു സംഭവത്തിൽ, ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമനെതിരെ മോശം പരാമർശങ്ങൾ നടത്തിയത് കുടുംബത്തിനും പൊതുസമൂഹത്തിനും മുന്നിൽ നാണക്കേടുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനവും രാഷ്ട്രീയ സാഹചര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം പാർട്ടി അന്തിമ റിപ്പോർട്ട് തയ്യാറാക്കും.