‘ഡോ. റാമിന് മുസ്‌ലിം കുട്ടികളോട് ശത്രുത; നോമ്പെടുക്കുന്ന കുട്ടികളെ വെള്ളം കുടിപ്പിക്കും’-ആരോപണവുമായി നിതിന്റെ സഹോദരി
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സഹോദരിയും സഹപാഠികളും. റാം ഒരു ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്നും മുസ്ലിം വിദ്യാർത്ഥികളോട് അയാൾക്ക് പ്രത്യേക ശത്രുതയുണ്ടെന്നും നിതിൻ രാജിന്റെ സഹോദരി നികിത ചാനൽ ചർച്ചയിൽ ആരോപിച്ചു.
റമദാൻ മാസത്തിൽ നോമ്പെടുക്കുന്ന കുട്ടികളെ നിർബന്ധിച്ച് വെള്ളം കുടിപ്പിക്കുന്നത് ഡോക്ടറുടെ വിനോദമാണെന്ന് നികിത പറഞ്ഞു. മറ്റ് കുട്ടികളെക്കൊണ്ട് ഇവർക്ക് വെള്ളം കൊടുപ്പിക്കുകയും നോമ്പ് മുറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. കുട്ടികളെ തമ്മിൽ തല്ലിക്കുക ഇയാളുടെ രീതിയായിരുന്നു. പതുക്കെ തല്ലുന്നവരെ ശകാരിക്കുകയും ശക്തിയായി തല്ലാൻ നിർബന്ധിക്കുകയും ചെയ്തിരുന്നുവെന്നും അവർ ആരോപിച്ചു.
നിതിനെ ‘ട്രാൻസ്‌ജെൻഡർ’ ആണോ എന്ന് ചോദിച്ച് പരിഹസിക്കുകയും, തെരുവുപട്ടിക്കു പോലും നിന്നെക്കാൾ യോഗ്യതയുണ്ടെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. നിറത്തിന്റെ പേരിൽ നിതിൻ വലിയ രീതിയിലുള്ള റാഗിംഗിന് ഇരയായിരുന്നു. പരാതിപ്പെട്ടാൽ സർട്ടിഫിക്കറ്റുകൾ കീറിക്കളയുമെന്നും തന്നില്ലെന്ന് പറയുമെന്നും ഡോക്ടർ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ നിതിൻ ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് നികിത വെളിപ്പെടുത്തി.
നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥികൾ ഡോ. റാമിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയെ ‘ആദിവാസി ചെക്കനെപ്പോലെയുണ്ട്’ എന്ന് പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ചതായി പരാതിയുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ കുട്ടികളെ ക്രൂരമായി പരിഹസിക്കാറുണ്ടായിരുന്നു. ഒരു വിദ്യാർത്ഥിയുടെ പോക്കറ്റിലെ ചെറിയ തുന്നൽ വിട്ടതിന്റെ പേരിൽ ഷർട്ട് വലിച്ചുകീറിയ സംഭവവും വിദ്യാർത്ഥികൾ വിവരിച്ചു.
ഒരു പെൺകുട്ടിയോട് മറ്റൊരു വിദ്യാർത്ഥിയെ ചെരുപ്പുകൊണ്ട് തല്ലാൻ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ ആ വിദ്യാർത്ഥിനി അതിന് തയ്യാറാകാതെ ചെരുപ്പ് താഴെയിടുകയാണ് ചെയ്തത്. ഡോക്ടർക്കെതിരെ സംസാരിക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ മാനേജ്‌മെന്റ് ആളുകളെ വെച്ചിരിക്കുകയാണെന്നും, ദൃശ്യങ്ങൾ പകർത്തി കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
സംഭവത്തിൽ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇരുവരും നിലവിൽ ഒളിവിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സബ് കളക്ടറുടെയും യുവജന കമ്മീഷന്റെയും നേതൃത്വത്തിൽ കോളജിൽ തെളിവെടുപ്പ് തുടരുകയാണ്. നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.