17/04/2026
[fontresizer_tawhidurrahmandear_widget]

യുഎസ് സൈനികർക്ക് ആത്മവീര്യം പകരാൻ ഉദ്ധരിച്ച ‘ബൈബിൾ വചനം’ സിനിമാ ഡയലോഗ്; വീണ്ടും നാണംകെട്ട് പീറ്റ് ഹെഗ്‌സേത്ത്

 യുഎസ് സൈനികർക്ക് ആത്മവീര്യം പകരാൻ ഉദ്ധരിച്ച ‘ബൈബിൾ വചനം’ സിനിമാ ഡയലോഗ്; വീണ്ടും നാണംകെട്ട് പീറ്റ് ഹെഗ്‌സേത്ത്

വാഷിങ്ടൺ: വാർത്താ സമ്മേളനത്തിനിടെ കീഴ്‌വായു പോയി നാണംകെട്ട യുഎസ് പ്രതിരോധ സെക്രട്ടി പീറ്റ് ഹെഗ്സേത്തിന് വീണ്ടും അമളി. പെന്റഗണിൽ സൈനികർക്കായി സംഘടിപ്പിച്ച അതീവ ഗൗരവതരമായ പ്രാർത്ഥനാ യോഗത്തിൽ ബൈബിൾ വചനമെന്ന പേരിൽ ഹെഗ്സേത്ത് ഉദ്ധരിച്ചത് ഹോളിവുഡ് സിനിമാ ഡയലോഗ്. ക്വെന്റിൻ ടാരന്റിനോയുടെ വിഖ്യാത ചിത്രമായ ‘പൾപ്പ് ഫിക്ഷനിലെ’ പ്രശസ്തമായ വരികളാണ് ബൈബിളിലേതെന്ന വ്യാജേന അദ്ദേഹം അവതരിപ്പിച്ചത്.

പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യം കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ, സൈനികരുടെ ആത്മവീര്യം വർധിപ്പിക്കാൻ പെന്റഗണിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന് വൻ അമളി പിണഞ്ഞത്. ശത്രുക്കൾക്കെതിരായ പോരാട്ടത്തിന് ആത്മീയ പരിവേഷം നൽകാൻ ശ്രമിക്കവേ, ബൈബിളിലെ ‘യെഹെസ്‌കേൽ 25:17’ എന്ന വചനമെന്ന നിലയിൽ ഹെഗ്സേത്ത് ചില വരികൾ ഉദ്ധരിച്ചു. എന്നാൽ, ഇത് ബൈബിളിലില്ലാത്തതും ‘പൾപ്പ് ഫിക്ഷൻ’ സിനിമയിൽ സാമുവൽ എൽ. ജാക്‌സന്റെ ‘ജൂൾസ് വിൻഫീൽഡ്’ എന്ന കഥാപാത്രം പറയുന്നതുമായ ഡയലോഗാണെന്ന് ഉടൻ തന്നെ തിരിച്ചറിയപ്പെട്ടു.

ഹെഗ്സേത്ത് ഉദ്ധരിച്ച വിവാദ വരികൾ ഇങ്ങനെയായിരുന്നു:

‘നീതിമാനായ മനുഷ്യന്റെ പാത എല്ലാ വശത്തുനിന്നും സ്വാർത്ഥരുടെ അനീതിയാലും ദുഷ്ടമനുഷ്യരുടെ ക്രൂരതയാലും വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഇരുട്ടിന്റെ താഴ്വരയിലൂടെ ബലഹീനരെ നയിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവനാണ്…’

ഈ വരികൾ യഥാർഥ ബൈബിൾ വചനമല്ല. സിനിമയ്ക്ക് വേണ്ടി ടാരന്റിനോ എഴുതിയ മാറ്റം വരുത്തിയ വരികളാണിവ. സിനിമയിൽ കൊലപാതകത്തിന് തൊട്ടുമുമ്പ് ജൂൾസ് എന്ന കൊടുംക്രിമിനൽ പറയുന്ന ഈ ഡയലോഗ്, ഒരു പ്രാർത്ഥനാ യോഗത്തിൽ സൈനികർക്ക് മുന്നിൽ അതീവ ഗൗരവത്തോടെ അവതരിപ്പിച്ചത് വൻ പരിഹാസത്തിനാണ് വഴിവെച്ചിരിക്കുന്നത്.

യുദ്ധസമയത്ത് ഒരു രാജ്യത്തിന്റെ പ്രതിരോധ സെക്രട്ടറിക്ക് ബൈബിളും ഹോളിവുഡ് സിനിമയും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നത് ലജ്ജാകരമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമാബാദിലെ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെടുകയും ഹോർമുസ് കടലിടുക്കിൽ സംഘർഷം നിലനിൽക്കുകയും ചെയ്യുന്ന സമയത്താണു പുതിയ അമളി.

തീവ്ര മതനിലപാടുള്ള മുൻ സൈനികൻ കൂടിയാണ് പീറ്റ് ഹെഗ്‌സേത്ത് എന്നതാണ് ഈ പിഴവിനെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്. ഇറാനെതിരായ യുദ്ധത്തെ പലപ്പോഴും മതപരമായ ദൗത്യമായി അവതരിപ്പിക്കുകയും ബൈബിൾ വചനങ്ങളുമായും കഥകളുമായും കൂട്ടിക്കെട്ടുകയും ചെയ്തിരുന്നു അദ്ദേഹം. ഇതിനിടയിലാണ് പൾപ്പ് ഫിക്ഷനിലെ ക്രിമിനൽ കഥാപാത്രത്തിന്റെ ഡയലോഗ് ബൈബിൾ വചനമാക്കി ഹെഗ്‌സേത്ത് അവതരിപ്പിക്കുന്നത്.

നേരത്തെയും ഹെഗ്സേത്തിന്റെ പല പ്രസ്താവനകളും ട്രംപ് ഭരണകൂടത്തിന് തലവേദനയായിരുന്നു. യുദ്ധക്കളത്തിലെ തന്ത്രങ്ങളേക്കാൾ സിനിമാറ്റിക് സ്‌റ്റൈലിന് പ്രാധാന്യം നൽകുന്ന ‘വാർ സെക്രട്ടറി’ എന്ന പരിഹാസം ഇതോടെ ശക്തമായി.

Also read: