രാത്രിയിൽ ബൈക്ക് യാത്രയ്ക്കും പകൽ പിൻസീറ്റ് യാത്രയ്ക്കും നിരോധനം; ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശന നിർദ്ദേശം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമാണ് കമ്മീഷൻ ബൈക്ക് യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിൽ ചൊവ്വാഴ്ച മുതൽ തന്നെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. പുതിയ ഉത്തരവ് പ്രകാരം രാത്രി 6 മണി മുതൽ രാവിലെ 6 മണി വരെ സംസ്ഥാനത്ത് ബൈക്കുകളോ സ്കൂട്ടറുകളോ നിരത്തിലിറക്കാൻ പാടില്ല. മെഡിക്കൽ എമർജൻസി പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കോ കുടുംബപരമായ ചടങ്ങുകൾക്കോ യാത്ര ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഇതിൽ ഇളവ് ലഭിക്കുക.
രാത്രികാല നിരോധനത്തിന് പുറമെ പകൽ സമയത്തും ഇരുചക്രവാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ബൈക്കുകളിൽ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. ബൈക്കിന് പിന്നിൽ മറ്റൊരാളെ ഇരുത്തി യാത്ര ചെയ്യുന്നത് (Pillion riding) കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. എന്നാൽ സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കുമായി ഈ നിബന്ധനയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം വോട്ട് ചെയ്യാനായി പോകുന്ന കുടുംബാംഗങ്ങൾക്ക് ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യാമെന്നും കമ്മീഷൻ വ്യക്തമാക്കി. ബൈക്ക് റാലികൾക്കും സംസ്ഥാനത്ത് പൂർണ്ണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ഇത്തരം യാത്രകൾ കാരണമാകാമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യമുള്ളവർ പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്ന് രേഖാമൂലം മുൻകൂർ അനുമതി വാങ്ങണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.